കോഴിക്കോട്: ജില്ലാ സഹകരണ യൂണിയന് വാരാഘോഷവുമായി ബന്ധപ്പെട്ട് വിവാദം. ഫണ്ട് തട്ടിപ്പെന്ന് ഒരു വിഭാഗം. വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും 23 ലക്ഷം രൂപ പിരിച്ചെടുത്ത് തട്ടിപ്പിനു ശ്രമിക്കുകയാണെന്ന് കോഴിക്കോട് താലൂക്ക് സഹകരണ യൂണിയന് ചെയര്മാന് ഇ. പ്രേംകുമാറും കൊയിലാണ്ടി സഹകരണ യൂണിയന് ചെയര്മാന് എ.കെ. മണിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കോഴിക്കോട് ജില്ലയില്‍ സഹകരണ യൂണിയനെ സഹകരിപ്പിക്കാതെ ഉദ്യോഗസ്ഥതലത്തില്‍ സമാന്തര വാരാഘോഷം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ഉള്ളിയേരിയില്‍ വച്ച് യൂണിയന്റെ നേതൃത്വത്തില്‍ നേരത്തെ ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം നടന്നിരുന്നു. ഇതില്‍ ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറും കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അധ്യക്ഷനുമായി സ്വാഗത സംഘം രൂപീകരിക്കുകയും നവംബര്‍ 16ന് ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തില്‍ സഹകരണ വാരാഘോഷം നടത്താനും തീരുമാനിച്ചിരുന്നു.
വി.ടി. സൂരജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടകനായി റവന്യൂമന്ത്രി എ.പി. അനില്‍കുമാറിനെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഏകപക്ഷീയമായി ഈ പരിപാടി കൂടിയാലോചനകള്‍ ഇല്ലാതെ ജോയിന്റ് രജിസ്ട്രാര്‍ കൊയിലാണ്ടിയിലേക്ക് മാറ്റുകയും അവിടെ ഒരു സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്തതായി പ്രേംകുമാazറും എ.കെ. മണിയും ആരോപിച്ചു.
വാരാഘോഷ പരിപാടികള്‍ക്കായി ശേഖരിക്കുന്ന തുക സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അക്കൗണ്ടിലേക്കാണ് അയക്കാറുള്ളത്. യൂണിയന്റെ അക്കൗണ്ട് സര്‍ക്കാര്‍ ഓഡിറ്റിംഗിന് വിധേയമാണ്. എന്നാല്‍, കൊയിലാണ്ടിയിലെ പരിപാടിക്കായി കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാറുടെയും രണ്ടു നേതാക്കളുടെയും പേരില്‍ പ്രത്യേക അക്കൗണ്ട് കൊയിലാണ്ടി സഹകരണ ബാങ്കില്‍ തുറന്നിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പൊതുജനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നുമായി അഞ്ച് ലക്ഷം രൂപ പിരിച്ചെടുക്കാനാണ് തീരുമാനം.
ഒന്നര ലക്ഷം രൂപയ്ക്ക് പരിപാടികള്‍ നടത്താന്‍ കഴിയുമെന്നിരിക്കെയാണ് ഭീമമായ തുക പിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 3000 രൂപയും മറ്റ് സഹകരണ സംഘങ്ങളില്‍ നിന്ന് 2000 രൂപയും പിരിച്ചെടുക്കാനാണ് നീക്കം. കോഴിക്കോട് ജില്ലയില്‍ 117 സഹകരണ ബാങ്കുകളും 1000ലധികം സഹകരണ സംഘങ്ങളുമുണ്ട്. ഇവയില്‍ നിന്ന് ഈ തുക പിരിച്ചെടുത്താല്‍ ആകെ 23 ലക്ഷത്തോളം രൂപയുണ്ടാകുമെന്നും ഈ തുക ഓഡിറ്റിംഗിന് വിധേയമാകില്ലെന്നും പ്രേംകുമാറും മണിയും ആരോപിച്ചു.