കോട്ടയം: പങ്കാളിത്ത സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ജില്ലയ്ക്കു വിപുലമായ സാധ്യതകളുണ്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന 2027 മുതല്‍ 2032 വരെയുള്ള പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലടക്കം പ്രവാസികളെ ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കാന്‍ കഴിയും.
വർഷങ്ങളായി ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ നഴ്സിംഗ് പഠനം തെരഞ്ഞെടുക്കുന്ന ജില്ലയാണ് കോട്ടയം. സംസ്ഥാനത്തു കൂടുതല്‍ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയ്ക്കും മികച്ച പരിഗണന ലഭിക്കണം. ടൂറിസം, കാര്‍ഷിക മേഖല, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, സഹകരണ മേഖല, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ ജില്ലയ്ക്കു മുന്നേറാന്‍ കഴിയും.
റബര്‍ ഉത്പാദനത്തിനൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. സര്‍ക്കാര്‍, പൊതു-സഹകരണ മേഖല എന്നിവയുടെ കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആസ്തികള്‍ കണ്ടെത്തി അവയുടെ സാധ്യതകള്‍ പരിശോധിക്കണമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
നാട്ടകം സുരേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖരന്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ എം.ജെ. സെബാസ്റ്റ്യന്‍, റോണി കെ. ബേബി, കെ. ബിനിമോന്, വിനു ജോബ് കുഴിമണ്ണില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കളക്ടര്‍ ചേതന്‍കുമാര്‍ മീണ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. പി.പി. ബാലന്, ശ്രീധര്‍ രാധാകൃഷ്ണന്, വരുണ്‍ സന്തോഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും വിവിധ മേഖലകളിലെ വിദഗ്ധരും ആശയങ്ങള്‍ പങ്കുവച്ചു.