കാക്കനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കുന വികസന പദ്ധതികൾ പരിശോധിക്കാനും അംഗീകാരം നൽകാനും ചുമതലപ്പെട്ട ജില്ലാ ആസൂത്രണ സമിതി (ഡിപിസി) മൂന്ന് മാസമായി സാങ്കേതിക കുരുക്കിൽ.
മൂന്ന് മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിലൂടെ ഡിപിസി നിലവിൽ വന്നെങ്കിലും സർക്കാർ ഉത്തരവിറങ്ങാത്തതിനാൽ ഇതുവരെ പുതിയ സമിതിക്ക് ചുമതലയേൽക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കളക്ടർ സെക്രട്ടറിയുമായ 12 അംഗ സമിതിയാണ് മൂന്നുമാസം പിന്നിട്ടിട്ടും ചുമതലയേൽക്കാൻ കഴിയാതെ കാത്തുനിൽക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന പദ്ധതികൾ പരിശോധിച്ച് അംഗീകാരം നൽകുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ജില്ലാ പ്ലാനിംഗ് ഓഫിസറും ഉൾപ്പെട്ട മൂന്നംഗ അഡ്ഹോക് കമ്മിറ്റിയാണ്. അംഗങ്ങൾ കുറവായതിനാൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വികസന പദ്ധതികളാണ് ഡിപിസി പരിശോധിക്കേണ്ടത്. നടപ്പുസാമ്പത്തിക വർഷം ചെറുതും വലുതുമായ പതിനായിരത്തോളം പദ്ധതികൾക്കാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപം നൽകാറുള്ളത്.
ഇടയ്ക്കിടെ അഡ്ഹോക് ഡിപിസി യോഗം ചേർന്ന് ഇവ പരിശോധിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജാഗ്രത പുലർത്താനാകുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ഒട്ടേറെ പദ്ധതികളുടെ ഭേദഗതി നിർദേശങ്ങളും പരിശോധി ച്ച് അനുമതി നൽകേണ്ടത് ഡിപിസിയാണ്. മൂന്ന് മാസം മുൻപ് വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ ഭരണസമിതി നിലവിൽ വന്നെങ്കിലും സർക്കാർ പ്രത്യേക പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ ഇവർക്ക് ചുമതലയേൽക്കാൻ കഴിയൂ.
ഡിപിസിയിലെ 12 പേരും യുഡിഎഫ് അംഗങ്ങളാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളിൽനിന്ന് എട്ട് പേർ, കൊച്ചി കോർപറേഷൻ കൗൺസിലർമാരിൽനിന്ന് രണ്ട് പേർ, ജില്ലയിലെ മുനിസിപ്പൽ കൗൺസിലർമാരിൽ നിന്നും രണ്ട് പേർ എന്നതാണ് ഡിപിസിയുടെ അംഗബലം. പുതിയ അംഗങ്ങൾക്ക് ചുമതലയേൽക്കാൻ ഇനിയെത്രനാൾ കൂടി കാത്തിരിക്കണമെന്നാണ് ചോദ്യമുയരുന്നത്. സർക്കാ ർ വിജ്ഞാപനം ഇറങ്ങാൻ വൈകുന്നതനുസരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പും നീണ്ടു പോകാനാണ് സാധ്യത.