ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രത്സവത്തിന് തിരിതെളിഞ്ഞു. ആലപ്പുഴ ടൗണിലെ പ്രധാന വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെ ശാസ്ത്രീയമായ കഴിവുകൾ ഉണർത്തുന്നതിനും ഭാവിയിൽ തൊഴിൽ നൈപുണ്യം വളർത്തുന്നതിനും ശാസ്ത്രമേളകൾ ഉപകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലിയോ തെർട്ടീന്ത് സ്കൂൾ മാനേജർ ഫാ. ഫ്രാൻസീസ് കൊടിയനാട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. സുനി മോൾ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഫൈസൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ രാജേന്ദ്രൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി മോൾ, വാർഡ് കൗൺസിലർ ജിൻസി, ആലപ്പുഴ സെന്റ് ജോസഫ് സ്കൂൾ മാനേജർ സിസ്റ്റർ ജെറ്റ്രുഡ് മൈക്കിൾ, ആർഡിഡി കെ. സുധ, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ. ബിന്ദു, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സജിത്ത്, ആലപ്പുഴ ഡിഇഒ മുഹമ്മദ് എം. റഷീദ്, ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. ശോഭന, ലിയോ തെർട്ടീന്ത് പ്രിൻസിപ്പൽ ബിനു ജോസി, സ്കൂൾ പിടിഎ പ്രസിഡന്റ് റാണി സോളമൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ രാജീവ് കണ്ടല്ലൂർ, അഷറഫ് കുഞ്ഞ് ആശാൻ, മഞ്ജുഷ അലക്സ്, എസ്. അഹമ്മദ്, എൻ. ഉമാ, അജു പി. ബെഞ്ചമിൻ, എം.എൻ. മുഹമ്മദ് ഫാഹിസ്, വിവിധ ക്ലബ് കൺവീനർമാരായ കെ. രഘുകുമാർ, ഷെറിൻ ഫിലോ ജോസ്, എസ്. വിജയകുമാർ, രതീഷ് കുമാർ, ടി. സജിത്ത് എന്നിവർ പ്രസംഗിച്ചു.
പതിനൊന്ന് സബ്ജില്ലകളിൽ നിന്നായി എത്തിയ 3400 ൽ അധികം പ്രതിഭകളായ വിദ്യാർഥി വിദ്യാർഥിനികൾ രണ്ട് ദിവസങ്ങളിൽ നടക്കുന്ന ശാസ്ത്രമേളകളിൽ പങ്കെടുക്കും. റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിയ്ക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ സമ്മാന ദാനം നിർവഹിയ്ക്കും.
റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം പാവ നിർമ്മാണത്തിൽ എടത്വ സെന്റ് അലോഷ്യസ് എച്ച്എസ്എസ് ലെ വിദ്യാർഥിനി എസ്. ഗൗരി നന്ദ. വ്യത്യസ്ത നൃത്തരൂപങ്ങൾ, പരന്പരാഗത വസ്ത്രധാരികളായ സ്ത്രീ രൂപങ്ങൾ എന്നിവയാണ് നിർമ്മിച്ചത്.
ആലപ്പുഴ: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം എച്ച്എസ്എസ് വിഭാഗം പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിൽ വിസ്മയം തീർത്ത് പുത്തൻകാവ് മെട്രോപൊളിറ്റൻ എച്ച്എസ്എസ് ലെ പ്ലസ് ു വിദ്യാർഥി എസ്. അഖിൽ വിനായക്.
ഫ്രിഡ്ജ്, ടിവി എന്നിവ കൊണ്ടുവരുന്ന കാർഡ് ബോർഡ് പോലുള്ള പാഴ്വസ്തുക്കൾ ഉപയോഗിച്ച് വസ്തുക്കൾ നിർമ്മിച്ചാണ് അഖിൽ വ്യത്യസ്തനായത്. ഒന്‍പതെണ്ണം നിർമ്മിക്കേണ്ട സ്ഥാനത്താണ് മൂന്നു മണിക്കൂർ കൊണ്ട് 11 ഐറ്റംസ് നിർമ്മിച്ചത്. മുട്ടത്തോടും ഉമിക്കരിയും ഉപയോഗിച്ച് കാർഡ് ബോർഡിൽ തീർത്ത കലാഭവൻ മണിയുടെ ഫ്രെയിം ശ്രദ്ധിക്കപ്പെട്ടു.
പിന്നാലെ നടക്കും സ്മാര്‍ട്ട് ബാസ്ക്കറ്റ്;
ഷോപ്പിംഗിന് ഇനി ട്രോളി ഉന്തേണ്ട
ആലപ്പുഴ: ഷോപ്പിങ്ങിനിടെ കൈയില്‍ സാധനങ്ങളുമായി നടക്കുമ്പോള്‍ പിന്നാലെ സ്വയം വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ബാസ്ക്കറ്റിനെ യാഥാര്‍ഥ്യമാക്കി എടത്വ സെന്റ് അലോഷ്യസ് എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍. പത്താംക്ലാസ് വിദ്യാര്‍ഥികളായ ജുബിന്‍ ജോസഫും എബി ജോര്‍ജ് തോമസും ചേര്‍ന്നാണ് ഹ്യൂമന്‍ ഫോളോയിംഗ് ബാസ്ക്കറ്റ് എന്ന നൂതന മാതൃക വികസിപ്പിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ട്രോളിയും ബാസ്ക്കറ്റും ഉന്തിനടക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകുന്ന സംവിധാനമാണിത്. സെന്‍സറുകളുടെ സഹായത്തോടെ ഒരാള്‍ നടക്കുന്നതിനനുസരിച്ച് പിന്നാലെ സഞ്ചരിക്കുമെന്നതാണ് പ്രത്യേകത. ്. എത്ര രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാമെന്ന് കാര്‍ഡ് വഴി മുന്‍കൂട്ടി നിശ്ചയിക്കാം. ഓരോ സാധനവും ബാസ്ക്കറ്റില് നിക്ഷേപിക്കുമ്പോള്‍ ചെലവായ തുകയും ശേഷിക്കുന്ന തുകയും സ്ക്രീനില്‍ തെളിയും. പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും മറ്റുള്ളവരുടെ സഹായമില്ലാതെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് നടത്താന്‍ സഹായിക്കുമെന്നതാണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന സവിശേഷത.
ആലപ്പുഴ: പ്രായമായവരെയും രോഗികളെയും വീല്‍ച്ചെയറില്‍ ഇരുത്തി അനായാസം പടികള്‍ കയറ്റാന്‍ സഹായിക്കുന്ന നൂതന സംവിധാനം ഒരുക്കി താമരക്കുളം വി.വി.എച്ച്എസ്എസിലെ വിദ്യാര്‍ഥികൾ. സ്കൂളിലെ അങ്കിത് രാജും ആർ. ആദികൃഷ്ണനും ചേര്‍ന്നാണ് സ്റ്റെയര്‍കേസ് വീല്‍ച്ചെയര്‍ എന്ന പേരില്‍ പ്രവര്‍ത്തന മാതൃക വികസിപ്പിച്ചത്. സുഹൃത്തിന്റെ അമ്മൂമ്മയ്ക്ക് നടക്കാനും പടികള്‍ കയറാനുമുള്ള ബുദ്ധിമുട്ട് നേരില്‍ കണ്ടതാണ് ഇരുവരെയും ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. പ്രായമായവരെയും രോഗികളെയും മറ്റുള്ളവര്‍ താങ്ങിപ്പിടിച്ച് പടികള്‍ കയറ്റേണ്ടിവരുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. ഒരു മാസം നീണ്ട പരിശ്രമത്തിലൂടെയാണ് പ്രവര്‍ത്തന മാതൃക തയ്യാറാക്കിയത്. സാധാരണ വീല്‍ച്ചെയറില്‍ പിവിസി പൈപ്പുകളും പ്രത്യേക ഗ്രിപ്പുകളും ചക്രങ്ങളും ഘടിപ്പിച്ചാണ് സംവിധാനം ഒരുക്കിയത്. ഇതില്‍ ആളെ ഇരുത്തിയശേഷം വീല്‍ച്ചെയര്‍ മുകളിലേക്ക് വലിച്ചുകയറ്റാനാകും. യാത്രക്കാരന്റെ ഭാരത്തിന് പകരം വീല്‍ച്ചെയറിന്റെ ഭാരം മാത്രം വലിച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തന മാതൃകാ മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ ഈ കണ്ടുപിടിത്തം അവതരിപ്പിച്ചത്. വയോധികര്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനകരമാകുന്ന ആശയമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്.
ഉജ്ജ്വല ബാല്യം പുരസ്കാരജേതാവ്
കളിമൺ ശിൽപ നിർമാണത്തിൽ തിളങ്ങി
ആലപ്പുഴ: സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരജേതാവ് കളിമൺ ശിൽപ നിർമാണത്തിൽ തിളങ്ങി. മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി അരവിന്ദ് സുദീപാണ് കൈവിരലുകളുടെ ചലനങ്ങളിലൂടെ മികച്ചശിൽപം തീർത്തത്.
കുരങ്ങനെ കളിപ്പിക്കുന്ന നാടോടിയെ അതേപടി പകർത്തിയാണ് സംസ്ഥാനതലത്തിൽ യോഗ്യത നേടിയത്. തുടർച്ചയായി നാലുതവണയാണ് ശിൽപനിർമാണത്തിൽ എ ഗ്രേഡ് നേട്ടം സ്വന്തമാക്കുന്നത്. ചെട്ടിക്കുളങ്ങര കൈതവടക്ക് ശങ്കരത്തിൽ ഇലക്ട്രിക്കൽ എൻജിനിയർ സുദീപ് എസ്. പിള്ളയുടെയും ചെട്ടിക്കുളങ്ങര എച്ച്എസ് സ്കൂളിലെ മലയാളം അധ്യാപിക എസ്. ശ്രീകലയുടെയും രണ്ടാമത്തെ മകനാണ്. ശിൽപനിർമാണത്തിൽ മികവുപുലർത്തി തുടർച്ചയായി സംസ്ഥാനശാസ്ത്രമേളയിൽ മാറ്റുരച്ച സഹോദരൻ ആനന്ദ് സുദീപിന്റെ നിർമിതി കണ്ടാണ് ശിൽപത്തിലേക്ക് ചുവടുറപ്പിച്ചത്.