തൊടുപുഴ: കുമാരമംഗലം പീഡനക്കേസില്‍ അതിജീവിതയുടെ ബന്ധുവായ യുവാവിന് 30 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലാണ് 37കാരനായ പ്രതിക്ക് കഠിനതടവും പിഴയും പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷംകൂടി അധിക തടവും തൊടുപുഴ പോക്സോ സെഷന്‍സ് കോടതി ജഡ്ജി ആഷ്. കെ. ബാല്‍ വിധിച്ചത്. കൂടാതെ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കുമാരമംഗലം സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് സംഘം ചേര്‍ന്നു പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍വച്ച് പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 25ഓളം പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു.
കേസില്‍ ഒന്നാം പ്രതിയായ കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിക്കു കോടതി 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചനെ വീട്ടില്‍ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയായ അതിജീവിതയുടെ അമ്മ വിചാരണ വേളയില്‍ മരിച്ചിരുന്നു. മറ്റ് രണ്ടു കേസുകളിലും പ്രതികളെ കോടതി ശിക്ഷിച്ചു. പൊലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചാമത്തെ കേസിലാണ് ഇന്നലെ കോടതി വിധി പറഞ്ഞത്.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 22 സാക്ഷികള്‍ക്കു പുറമേ 38 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി. തൊടുപുഴ പൊലിസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.സി. വിഷ്ണുകുമാര്‍ ആണ് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷനുവേണ്ടിസ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ് , അഡ്വ.ആന്‍സി ഫിലിപ്പ് എന്നിവര്‍ ഹാജരായി.
പ്രോസിക്യൂഷന് ലെയ്സണ്‍ സഹായികളായി സബ് ഇന്‍സ്പെക്ടര്‍ വി.സി. അജിലാല്‍, സിപിഒമാരായ നീതു കൃഷ്ണന്, പി.കെ. ജനില്‍ എന്നിവര്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.