ചെറുപുഷ്പ സഭാ സ്ഥാപകനായ ഫാ. ബസീലിയൂസിന്റെ ജീവിതം അവസാനിച്ചിട്ട് ഇന്നേക്ക് അമ്പതാണ്ട് തികയുന്നു. ജീവിതം അവസാനിച്ചാലും ജീവിതകഥ അവസാനിക്കാത്ത ചില മനുഷ്യരുണ്ട്. ഫാ. ബസീലിയൂസ് അങ്ങനെയൊരാളായിരുന്നു. ഒരു മനുഷ്യായുസ് മുഴുവൻ ദൈവത്തിനും മനുഷ്യർക്കുമായി സമർപ്പിച്ച ജീവിതം. അമ്പതാണ്ടുകൾക്കിപ്പുറം അതിനും ദൈവപ്രകാശിതമായി നിലകൊള്ളുന്നു. പ്രാർഥന മാത്രമല്ല, പ്രവർത്തനവും കൂടിച്ചേർന്നതായിരുന്നു ഫാ. ബസീലിയൂസിന്റെ ജീവിതവഴി.
ആത്മാവിന്റെ ആലയത്തിൽ അദ്ദേഹം ദൈവത്തെ പ്രതിഷ്ഠിച്ചു. നിരാലംബരായ അനേകം മനുഷ്യർക്കുവേണ്ടി പ്രവർത്തിച്ചു. നിത്യനിർമലമായ കർമസാധനകളിൽ മുഴുകുകയും ലോകനന്മയ്ക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു. ചെറുപുഷ്പ സഭയുടെ സ്ഥാപകൻ മാത്രമല്ല അദ്ദേഹം. സ്വന്തം സഭയെ സ്നേഹസേവനത്തിന്റെ വിശാലമായ വഴികളിലേക്കു നടത്താനും ലോകമാകെ വളർത്തിയെടുക്കാനും കഴിഞ്ഞ ധന്യാത്മാവായി ചരിത്രം അദ്ദേഹത്തെ എന്നും ഓർക്കുന്നു.
ചെറുപുഷ്പ സഭയുടെ ചരിത്രം കേവലം സഭാ ചരിത്രത്തിനപ്പുറം നവോത്ഥാനാനന്തര കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ ഭാഗം കൂടിയാണ്. മണ്ണിലേക്കിറങ്ങി പണിയെടുക്കുന്ന വൈദികൻ, അനാഥരുടെ രക്ഷകനായ പിതാവ്, കർഷകൻ, ഗ്രാമോദ്ധാരകൻ ഇങ്ങനെ മാറിമാറി വരുന്ന വേഷപ്പകർച്ചകളിൽ അദ്ദേഹം സ്വന്തം ജീവിതത്തെ സർഗാത്മകമാക്കിയിരുന്നു.
വരുംകാലത്തെ മുൻകൂട്ടിക്കണ്ട ഒരു ദീർഘദർശിയുടെ കാഴ്ചയും കാഴ്ചപ്പാടും ചെറുപുഷ്പ സഭയുടെ പിൽക്കാല വികാസവഴികളിലാകെ നമുക്കു കണ്ടെത്താനാകും. സാമൂഹികസമത്വം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, മാനുഷികത തുടങ്ങിയ മൂല്യങ്ങളിലൂടെയാണ് കേരള നവോത്ഥാനം വികാസം പ്രാപിച്ചത്. വിദ്യാഭ്യാസം, അച്ചടി, ആതുരസേവനം, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിലെ ക്രിസ്തീയ മിഷനറി പ്രവർത്തനങ്ങളും കേരളത്തിന്റെ സാമൂഹികമാറ്റത്തിൽ പങ്കുവഹിച്ചു. ഈ ചരിത്രത്തിന്റെ നവോത്ഥാനാനന്തര തുടർച്ചയാണ് ഫാ. ബസീലിയൂസിന്റെ ജീവിതത്തിലൂടെ കാലം വെളിപ്പെടുത്തുന്നത്. മനുഷ്യനെ സഹായിക്കുക മാത്രമല്ല, സ്വന്തം ജീവിതത്തിന്റെ നിർമാതാവായി വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കർമദർശനം. ആത്മീയതയെ മനുഷ്യസേവനത്തിലേക്കും പ്രാർഥനയെ പ്രവർത്തനത്തിലേക്കും വളർത്തിയെടുത്ത ജീവിതം.
കുഞ്ഞുവഴിയും ഗ്രാമസ്വരാജും
വിശുദ്ധ കൊച്ചുത്രേസ്യയുടെ ‘കുഞ്ഞുവഴി’യായിരുന്നു വല്യച്ചന്റെ ആത്മീയതയുടെ അടിത്തറ. വലിയ കാര്യങ്ങളിലൂടെയല്ല, വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങളിലൂടെ വിശുദ്ധിയിലേക്കു സഞ്ചരിക്കാമെന്ന കൊച്ചുത്രേസ്യയുടെ ദർശനം അദ്ദേഹം ജീവിതത്തിൽ പകർത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രാർഥന മനുഷ്യരിലേക്കു നീണ്ടത്. അനാഥനെ ചേർത്തുപിടിക്കുന്നതിലും രോഗിയെ പരിചരിക്കുന്നതിലും അധ്വാനിക്കുന്ന മനുഷ്യനൊപ്പം നിൽക്കുന്നതിലും ആ സ്നേഹാത്മീയത കർമരൂപം നേടി. അതോടൊപ്പം ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പങ്ങളും വല്യച്ചന്റെ കർമപഥത്തിൽ ഇടംനേടി. ഗ്രാമത്തിന്റെ സ്വയംപര്യാപ്തത, തൊഴിലിന്റെ മഹത്വം, കൃഷി, ചെറുകിട വ്യവസായങ്ങൾ, സാധാരണ മനുഷ്യന്റെ ഉന്നമനം എന്നിവ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ തെളിഞ്ഞുനിന്നു. ക്രിസ്തീയ സ്നേഹാത്മീയതയും ഗാന്ധിയൻ സാമൂഹികദർശനവും മൂക്കന്നൂരിന്റെ മണ്ണിൽ അങ്ങനെ കൈകോർത്തു.
മൂക്കന്നൂരിൽ വിരിഞ്ഞ ചെറുപുഷ്പം
1925 മുതൽ മൂക്കന്നൂരായിരുന്നു വല്യച്ചന്റെ പ്രധാന കർമഭൂമി. ഇന്നത്തെ റോഡുകളും യാത്രാസൗകര്യങ്ങളുമില്ലാത്ത കാലം. കാളവണ്ടികളും നടപ്പാതകളും ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും തൊഴിലിനും അവസരങ്ങൾ പരിമിതം.ആ ഇല്ലായ്മകൾക്കുള്ളിലാണ് അദ്ദേഹം സാധ്യതകൾ കണ്ടെത്തിയത്. അനാഥശാലയിലെ കുട്ടികൾക്ക് അന്നവും അഭയവും നൽകിയതിൽ സേവനം അവസാനിച്ചില്ല. അവർ പഠിക്കണം, തൊഴിൽ നേടണം, സ്വന്തം അധ്വാനത്തിൽ ജീവിക്കണം. അതിനായി മരപ്പണി, ആശാരിപ്പണി, മെഴുകുതിരി-തിരുവസ്ത്ര നിർമാണം, തേനീച്ചവളർത്തൽ തുടങ്ങിയ കൈത്തൊഴിലുകൾക്ക് വഴിയൊരുക്കി. സാങ്കേതികവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. കൃഷിയിൽ സ്വയം പങ്കാളിയായി. ആതുരസേവനത്തിനും വിദ്യാഭ്യാസത്തിനും ഗ്രാമവികസനത്തിനും ഒരുപോലെ ഇടം നൽകി. ഇന്ന് സുസ്ഥിരവികസനത്തിന്റെ ഭാഗമായി നാം പറയുന്ന വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രാദേശിക വിഭവങ്ങളുടെ പ്രയോജനം, സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങളുടെ പ്രായോഗികമായ ചില രൂപങ്ങൾ പതിറ്റാണ്ടുകൾക്കു മുമ്പേ വല്യച്ചന്റെ കർമഭൂമിയിൽ കാണാം.
മൂക്കന്നൂരിൽനിന്ന് പുതിയ ദേശങ്ങളിലേക്ക്
വല്യച്ചൻ മൂക്കന്നൂരിൽ നട്ട ചെറുപുഷ്പം കേരളത്തിന്റെ അതിരുകൾ കടന്നു. ഉത്തരേന്ത്യയിലേക്കുൾപ്പടെ പുതിയ സേവനഭൂമികളിലേക്ക് സഭ വളർന്നു. വിദ്യാഭ്യാസവും ആതുരസേവനവും സാമൂഹിക പ്രവർത്തനവും അതിന്റെ കർമവഴികളായി. 1976 ഒക്ടോബർ നാലിന് വല്യച്ചന്റെ ജീവിതയാത്ര അവസാനിച്ചു. അമ്പതാണ്ടുകൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹം പിന്നിൽ വച്ചത് സ്ഥാപനങ്ങൾ മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയാം. മനുഷ്യരെ സ്വയംപര്യാപ്തരാക്കുന്ന ഒരു ജീവിതദർശനം. അധ്വാനത്തെ ആദരിക്കുന്ന സംസ്കാരം. എളിയ മനുഷ്യനെ ചേർത്തുപിടിക്കുന്ന സ്നേഹം. ദൂരങ്ങളിലേക്കു സഞ്ചരിക്കുന്ന ഒരു സേവനപാരമ്പര്യം. പ്രകാശം പരത്തിയ ആ ജീവിതം അമ്പതാണ്ടുകൾക്കിപ്പുറവും ദൈവപ്രകാശിതമായി നിലകൊള്ളുന്നു. ജീവിച്ചിരിക്കുന്നവർക്ക് അത് സ്നേഹനിർഭരമായ ഓർമയാണ്. വരുംതലമുറകൾക്ക് വഴിതെളിക്കുന്ന പ്രത്യാശാദീപവും. കാലത്തിനുമേൽ ആ വെളിച്ചം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു.