ഡാളസ്: ഡാളസിൽ നാല് നായ്ക്കളുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ഡാളസ് പൊലിസ് അറിയിച്ചു.
പുലർച്ചെ മൂന്നോടെ ഈസ്റ്റ് ഇല്ലിനോയി അവന്യൂവിലെ 3200 ബ്ലോക്കിൽ നായ്ക്കളുടെ ആക്രമണം നടന്നുവെന്ന സന്ദേശത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഡാളസ് ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് അറിയിച്ചു.
അതേസമയം, നായ്ക്കളുടെ ഇനം ഏതാണെന്നോ, അവയുടെ ഉടമ ആരാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.