അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലേക്ക് ലഭിക്കുന്ന സംഭാവനകളിൽ ദിവസവും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം, ദിവസവും ആറ് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരും ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.
തട്ടിപ്പ് പുറത്തുവന്നതോടെയാണ് സംഭാവന തുകയിൽ വൻ വ്യത്യാസം കണ്ടത്. തട്ടിപ്പ് കണ്ടെത്തുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതിദിനം ലഭിച്ചിരുന്നത്. എന്നാൽ, തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് ശേഷം ഇത് 24 മുതൽ 26 ലക്ഷം രൂപയായി വർധിച്ചു. ഈ കണക്കുകൾ പരിശോധിച്ചാണ് ദിവസവും 6-8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായി അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ എണ്ണുന്ന ചുമതലയുള്ള എസ്ബിഐ ജീവനക്കാരുടെ പങ്ക് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ച സ്വകാര്യ ഏജൻസിയെ പണം എണ്ണുന്നതുപോലെയുള്ള സുപ്രധാന കാര്യങ്ങൾ ഏൽപ്പിച്ചത് എന്തിനാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പോലീസ് ചോദിച്ചിട്ടുണ്ട്.
എട്ടുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു പണം എണ്ണൽ. പണം മോഷ്ടിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെടുത്തിയ ജീവനക്കാരനോട്, "ദൈവം കാണുന്നുണ്ട്, നമ്മുടെ വീട്ടിൽ നിന്നൊന്നുമല്ലല്ലോ പോകുന്നത്" എന്ന് ഇയാൾ മറുപടി നൽകിയതായാണ് വിവരം.
ക്ഷേത്രത്തിന് സമീപമുള്ള ഒരു പാർക്കിൽ വെച്ചാണ് മോഷ്ടിച്ച പണം പ്രതികൾ പങ്കിട്ടിരുന്നതെന്ന് പ്രതി അവിനാഷ് ശുക്ല മൊഴി നൽകി. അന്വേഷണ സംഘം ഈ സ്ഥലം പരിശോധിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ എസ്ഐടി രണ്ടാം തവണയും ചോദ്യം ചെയ്തു. ഇവരുടെ സ്വത്തുവിവരങ്ങളും വരുമാന സ്രോതസ്സുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ഇവർ തങ്ങളുടെ ട്രസ്റ്റ് പദവികളിൽ നിന്ന് രാജിവെച്ചിരുന്നു.
കൂടാതെ, ക്ഷേത്ര നിർമാണ സമയത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കമ്മീഷൻ ഇടപാടുകളും ഭൂമി വാങ്ങലിലെ അഴിമതികളും സംഘം പരിശോധിക്കുന്നുണ്ട്. ട്രസ്റ്റിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളും സാമ്പത്തിക രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ വീണ്ടും ഓഡിറ്റ് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്. കേസിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.