മട്ടന്നൂർ: അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്നലെ മട്ടന്നൂർ പ്രദേശത്തെ ഭീതിയിലാഴ്ത്തി. നിമിഷങ്ങൾക്കുള്ളിൽ വാർത്ത പരന്നതോടെ പൊലിസും നാട്ടുകാരും മാധ്യമപ്രവർത്തകരടക്കം വീട്ടിലേക്ക് എത്തുകയായിരുന്നു. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ നന്ദനത്തിലെ സി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ(21) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടിനും പത്തരയ്ക്കും ഇടയിലായിരുന്നു കൊലപാതകം നടന്നതെന്നാണ് നിഗമനം. ഇന്നലെ രാവിലെ 10.30 ഓടെ പുന്നാട്ടെ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയ ജ്യോതിയുടെ ഭർത്താവ് കെ.ടി. ജയകൃഷ്ണനാണ് ഇരുവരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടത്. ജയകൃഷ്ണൻ രാവിലെ എട്ടോടെയാണ് ക്ഷേത്രത്തിലേക്ക് പോയത്.
കാറിൽ തിരികെത്തിയ ജയകൃഷ്ണൻ ഗേറ്റ് തുറക്കാൻ ഹോൺ മുഴക്കിയെങ്കിലും ഭാര്യയും മകനും തുറന്നുനൽകാൻ എത്തിയിരുന്നില്ല. മറ്റു ദിവസങ്ങളിലെല്ലാം ഭാര്യയോ മകനോ ആണ് ഗേറ്റ് തുറക്കാറുളളത്.
ഇന്നലെ ഇവരെ കാണാത്തതിൽ ഗേറ്റ് തുറന്നു കാർ കയറ്റിയ ശേഷം വീട്ടിനുള്ളിൽ കയറിയ ജയകൃഷ്ണൻ ഇരുവരേയും താഴെ നിലയിൽ കാണാതെ വന്നതോടെ മുകളിലെ നിലയിൽ കയറി നോക്കി.
അപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഇരുവരേയും കാണുന്നത്. ദാരുണദൃശ്യം കണ്ട ജയകൃഷ്ണന്റെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തുന്നത്. കഴുത്തിലും നെഞ്ചിലുമായാണ് ഇരുവർക്കും വെട്ടേറ്റത്.
കണ്ണൂർ എസിപി എം.പി.ആസാദ്, മട്ടന്നൂർ ഇൻസ്പെക്ടർ എം.വി. ഷീജു, എസ്ഐ വി.വി. ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. വിരലയടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീടും പരിസരവും പരിശോധിച്ചിരുന്നു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയത്താൽ പ്രദേശത്തെ ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.