കാലടി: ഭക്ഷ്യവസ്തുക്കളിൽ അപകടകാരികളായ ഫംഗസുകളുടെ വളർച്ച തടയാനും ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് പടലം വികസിപ്പിച്ച കാലടി ശ്രീശങ്കര കോളജിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്.
കോളജിലെ ബിരുദാനന്തര ബിരുദ-ഗവേഷണ മൈക്രോബയോളജി വിഭാഗത്തിലെ പ്രഫ.ഡോ. സുമി മേരി ജോർജ്, ഡോ. ഷെറിൻ ജോയ് പറപ്പിള്ളി, ഡോ. ഡോണ വി. ഇടിക്കുള എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. മൈക്രോബയോളജി വിഭാഗം മേധാവി പ്രഫ. ഡോ. സുമി മേരി ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
കരളിൽ അർബുദത്തിന് കാരണമാകുന്ന അഫ്ലാടോക്സിൻ ബി1 ഉത്പാദിപ്പിക്കുന്ന ആസ്പർജില്ലസ് ഫ്ലാവസ് എന്ന ഫംഗസിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ് പുതിയ പാക്കേജിംഗ് പടലത്തിന്റെ പ്രധാന സവിശേഷത. ധാന്യങ്ങളിലും പയർവർഗങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഈ ഫംഗസിന്റെ വളർച്ച തടയുന്നതിലൂടെ ഭക്ഷ്യവസ്തുക്കളിലെ അഫ്ലാടോക്സിൻ മലിനീകരണ സാധ്യത കുറയ്ക്കാനും ഭക്ഷ്യഗുണനിലവാരം നിലനിർത്താനും സാധിക്കും.
ലാക്ടിക് ആസിഡ് ബാക്ടീരിയയുടെ ജൈവസജീവ ഘടകങ്ങളടങ്ങിയ സത്തും സിങ്ക് ഓക്സൈഡ് നാനോ കണങ്ങളും സംയോജിപ്പിച്ചാണ് ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം വികസിപ്പിച്ചെടുത്തത്. ഫംഗസ് പ്രതിരോധശേഷി, യാന്ത്രികബലം, ജലപ്രതിരോധം, പ്രകാശം തടയൽ ശേഷി എന്നിവയും ഈ പാക്കേജിംഗ് പടലത്തിനുണ്ട്. ദീർഘകാലം സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗിന് ഇതു പ്രയോജനപ്പെടും.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിച്ചിട്ടുള്ള വിഭാഗത്തിൽപ്പെട്ട ഘടകങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽനിന്ന് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സൂക്ഷിപ്പുകാലം വർധിപ്പിക്കുന്നതിനും പുതിയ പാക്കേജിംഗ് പടലം സഹായകമാകും.
പരിസ്ഥിതിയിൽ ദീർഘകാലം നിലനിൽക്കുന്ന പരമ്പരാഗത പ്ലാസ്റ്റിക് പാക്കേജിംഗിന് പകരം ഉപയോഗിക്കാവുന്ന ജൈവ വിഘടനശേഷിയുള്ള ബദൽ സംവിധാനമാണിത്. ഭക്ഷ്യസംരക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും സഹായിക്കുന്ന ഗവേഷണനേട്ടം ഭക്ഷ്യപാക്കേജിംഗ് രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.