ചെങ്ങന്നൂർ: നീറ്റ് പരീക്ഷയിലെ സുതാര്യതയില്ലായ്മയിലും സിബിഎസ്ഇ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് തെരുവിലിറങ്ങിയ യുവജനങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നയം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. ശരിയായ വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണെന്നും അത് ഭരണാധികാരികളുടെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്.
ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ നടന്നത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്. സമരത്തിലുണ്ടായിരുന്ന സ്ത്രീകളോട് പോലീസ് കാട്ടിയ മോശം പെരുമാറ്റം ആ സേനയ്ക്കുതന്നെ അപമാനമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങളെ രാജ്യദ്രോഹ കലാപമായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടക്കുകയാണ്. ജനാധിപത്യത്തിൽ അടിച്ചമർത്തലല്ല, മറിച്ച് ചർച്ചയും സമവായവുമാണ് ഉണ്ടാകേണ്ടത്. പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണകൂടത്തിന് ഭൂഷണമല്ല.
വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിക്കും ക്രമക്കേടുകൾക്കുമെതിരെ പോരാടുന്ന യുവതലമുറയ്ക്കൊപ്പം രാഷ്ട്രീയ കക്ഷിഭേദമന്യേ പൊതുസമൂഹം അണിനിരക്കണമെന്നും രാജ്യത്തെ യുവജനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.