തിരുവനന്തപുരം: "ശങ്കര ശ്രീ ഗിരിനാഥപ്രഭു...' കഴുത്തിൽ രുദ്രാക്ഷമണിഞ്ഞ്, ഭസ്മഭൂഷിതനായ പരമശിവൻ ആനന്ദ നൃത്തമാടുന്പോൾ ആകാശത്തിൽ ദേവതകളും മുനിവര്യന്മാരും താളവാദ്യമുഴക്കും.
മനുഷ്യജന്മത്തിൽ അപ്രാപ്യമായ, മോക്ഷദായകമായ ആ നടനം നേരിട്ടു കണ്ട ആത്മീയാനുഭൂതി പകരുന്നതാണ് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഹംസാനന്തി രാഗത്തിലെ ശങ്കര ശ്രീ ഗിരിനാഥ പ്രഭോ... എന്ന കീർത്തനം. യുവസംഗീതജ്ഞ ഡോ. എൻ.ജെ. നന്ദിനി ഇന്നലെ സ്വാതി ഹൃദയരാഗത്തിൽ അലിഞ്ഞു ചേർന്നപ്പോൾ മുന്നിൽ സാക്ഷാൽ ശിവനടനത്തിന്റെ ആത്മീയ ചൈതന്യം. ശ്രീ സ്വാതിതിരുനാൾ സംഗീത സഭ സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെയും സേതുപാർവതി ബായിയുടെയും ജയന്തി ആഘോഷത്തിനു ഡോ. എൻ.ജെ. നന്ദിനിയുടെ കർണാടക സംഗീത കച്ചേരിയോടെ ഇന്നലെ തുടക്കം.
ശ്രീ കാർത്തിക തിരുനാൾ തീയറ്ററിലായിരുന്നു ജയന്തി ആഘോഷത്തിന്റെ ഭാഗമായ സംഗീതക്കച്ചേരി. ദീപാവലി ആഘോഷം അനന്തപുരിയുടെ സന്ധ്യയിൽ ചൊരിഞ്ഞ പ്രകാശ പൂരത്തിനൊപ്പം, പെയ്തു തിമിർത്ത മഴയുടെ നാദത്തിനൊപ്പം സംഗീതജ്ഞയുടെ രാഗധാരയും നിറഞ്ഞു. തോടിരാഗത്തിലെ സ്വാതി കൃതിയായ ശ്രീരാമചന്ദ്രയും... പൂർണ ചന്ദ്രിക രാഗത്തിലെ രാമചന്ദ്ര പാഹിയും.... ഭക്തിയുടെ നൈവേദ്യമായി.
വൈക്കത്ത് വാഴുന്ന ശിവനുള്ള സ്വാതി തിരുനാളിന്റെ രാഗാർച്ചനയായ, ആനന്ദ ഭൈരവി രാഗത്തിലെ "പാഹിതരക്ഷു പുരാലയ...' എൻ.ജെ. നന്ദിനിയുടെ നാദം ഏറ്റുവാങ്ങി. വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും മൃദംഗത്തിൽ ബാലകൃഷ്ണ കമ്മത്തും ഘടത്തിൽ വെള്ളാട്ടഞ്ഞൂർ ശ്രീജിത്തും താളം പകർന്നു. നേരത്തെ എഴുത്തുകാരനും ആത്മീയ പണ്ഡിതനുമായ ഡോ. പൂജപ്പുര കൃഷ്ണൻ നായർ ശ്രീചിത്തിര തിരുനാൾ- സേതു പാർവതി ഭായി അനുസ്മരണ പ്രഭാഷണം നടത്തി.