ആതുരസേവനരംഗത്തെ തിരക്കുകൾക്കിടയിലും കഠിനമായ കായികക്ഷമത കൈവരിച്ച് അപൂർവനേട്ടം സ്വന്തമാക്കി പാലാ സ്വദേശിയായ ഡോ. അജയ് ജോസഫ്. 2026 നവംബർ ഒന്നിന് ഗോവയിൽ നടന്ന രാജ്യാന്തര അയൺമാൻ 70.3 ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയാണ് അദ്ദേഹം ശ്രദ്ധേയനായത്.
ആറു മണിക്കൂറും ഏഴ് മിനിറ്റും കൊണ്ട് മത്സരം പൂർത്തിയാക്കിയ ഈ ന്യൂറോളജിസ്റ്റ്, പങ്കെടുത്ത മലയാളി താരങ്ങളിൽ തന്റെ പ്രായവിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ഇതോടെ അയൺമാൻ 70.3 ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ മലയാളി ന്യൂറോളജിസ്റ്റ് എന്ന സവിശേഷമായ നേട്ടവും ഡോ. അജയ് തന്റേതാക്കി മാറ്റി.
തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം ഡോക്ടറായ അദ്ദേഹം, ജോലിയുടെ തിരക്കുകൾക്കിടയിലും ലക്ഷ്യബോധത്തോടെയും കർശനമായ അച്ചടക്കത്തോടെയും വർഷങ്ങളോളം നടത്തിയ തയാറെടുപ്പുകളുടെ ഫലമായാണ് ഈ അഭിമാനനേട്ടത്തിൽ എത്തിയത്.
തുടർച്ചയായ ദിനചര്യകളിൽ പരിശീലനത്തിനായി സമയം കണ്ടെത്തി മനക്കരുത്തും ശാരീരികക്ഷമതയും ഒരേപോലെ നിലനിർത്തിയാണ് ഈ കഠിനമായ സഹനപരീക്ഷയെ ഡോ. അജയ് മറികടന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന അയൺമാൻ 70.3 ചലഞ്ചിൽ 1.9 കിലോമീറ്റർ കടലിലെ നീന്തലും 90 കിലോമീറ്റർ സൈക്ലിങ്ങും 21.1 കിലോമീറ്റർ ഓട്ടവുമാണ് ഉൾപ്പെട്ടിരുന്നത്.
തുടർച്ചയായി 113 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ മത്സരവേദിയിൽ മുപ്പതോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം മത്സരാർഥികളാണ് ഇത്തവണ പങ്കെടുത്തത്. പാലാ ചേർപ്പുങ്കൽ വടക്കേകുറ്റ് ജോസഫിന്റെയും വിരമിച്ച പോസ്റ്റ് മാസ്റ്റർ മേരിയുടെയും മകനാണ് ഡോ. അജയ് ജോസഫ്.
പാലാ മുൻസിപ്പാലിറ്റി മുൻ ചെയർമാൻ തോമസ് പീറ്ററിന്റെയും മുൻ കൗൺസിലർ സിബിൽ തോമസിന്റെയും മകളും പാലാ കെയർ ഡയഗ്നോസ്റ്റിക് സെന്ററിലെ റേഡിയോളജിസ്റ്റുമായ ഡോ. ദിവ്യയാണ് ഭാര്യ. ഹസായേൽ, കേലെബ് എന്നിവർ മക്കളാണ്.