ഹൂസ്റ്റൺ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല നയിക്കുന്ന ബൈബിൾ കൺവൻഷനും സെമിനാറും വെള്ളി, ശനി ദിവസങ്ങളിൽ ഹൂസ്റ്റണിൽ നടക്കും.
ഇന്റർനാഷണൽ ബൈബിൾ ചർച്ച് ഓഡിറ്റോറിയത്തിലാണ് (12955 Stafford Road, Stafford, TX 77477) പരിപാടി. പൊതുയോഗം വൈകുന്നേരം 6.30നും സെമിനാർ ശനിയാഴ്ച രാവിലെ 9.30നും ആരംഭിക്കും.
ബൈബിളിന്റെ ഹീബ്രായ ഭാഷാപരവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന Christians Elite-ന്റെ ‘A Hebraic Journey Through the Scriptures’ എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നത്.
ശുശ്രൂഷകർക്കും അധ്യാപകർക്കും സാധാരണ ബൈബിൾ വായനക്കാർക്കും തിരുവെഴുത്തുകൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നതാണ് പഠനപദ്ധതി.
ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അക്കാലത്തെ മതജീവിതം, സാമൂഹിക ആചാരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
ബൈബിൾ എഴുത്തുകാർ തങ്ങളുടെ കാലഘട്ടത്തിൽ ആശയവിനിമയം നടത്താൻ ഉദേശിച്ച യഥാർഥ സന്ദേശം വായനക്കാരിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷകളിലും നൂറ്റാണ്ടുകളിലുമുണ്ടായ മാറ്റങ്ങൾ മൂലം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അർഥതലങ്ങൾ തിരിച്ചറിയാനും പഠനം സഹായിക്കും.
പാസ്റ്റർ ജോൺ കുര്യൻ (813 610 2307), പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (832 724 8870), ബ്രദർ പ്രസാദ് തോപ്പിൽ (832 264 6623) എന്നിവരാണ് സംഘാടകർ.