കൊച്ചി: ഗവ. പ്ലീഡര്‍മാരുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും നിയമനത്തിന് സര്‍ക്കാര്‍ തയാറാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ കരട് സര്‍ക്കുലര്‍ നിയമവകുപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി.
ഒഴിവുകള്‍ സംബന്ധിച്ച് വ്യാപക പ്രചാരണം നല്‍കിയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിച്ചും വേണം നിയമനത്തിനുള്ള അന്തിമ പാനല്‍ തയാറാക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ജില്ലാ ഗവ. പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീ. ഗവ. പ്ലീഡര്‍, അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ ഒഴിവുകള്‍ സംബന്ധിച്ച് കളക്ടറേറ്റ്, ജില്ലാ കോടതി, ബാര്‍ അസോസിയേഷന് എന്നിവിടങ്ങളില്‍ വിജ്ഞാപനം പ്രദര്‍ശിപ്പിക്കണം. പത്രപ്പരസ്യവും നല്‍കണം. ഇതിന്റെ ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും.
അര്‍ഹരായവരുടെ പട്ടിക തയാറാക്കിയശേഷം കളക്ടര്‍, ജില്ലാ ജഡ്ജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെ സംയുക്ത യോഗം വിളിക്കണം. യോഗത്തിലെ ചര്‍ച്ചകള്‍ക്കും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകള്‍ക്കും ശേഷമായിരിക്കണം സര്‍ക്കാര്‍ അഭിഭാഷകരുടെ അന്തിമ പാനല്‍ തയാറാക്കേണ്ടത്.
സര്‍ക്കാര്‍ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പി.എസ്. സുധീര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണു കരട് നിര്‍ദേശങ്ങള്‍ ഹാജരാക്കിയത്.