തിരുവനന്തപുരം: മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍ തൊഴിലാളികളെ ബോണസ് പരിധിയില്‍ ഉള്‍പ്പെടുത്താൻ നിര്‍ദേശം നൽകുന്ന ലേബർ കോഡ് റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശനു തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ കൈമാറി.
ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് പ്രതിനിധികളുമായും മറ്റു ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്കു കൈമാറിയത്.
തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനായി നിലവിലുണ്ടായിരുന്ന ഫാമിലി യൂണിറ്റ് മൂന്ന് എന്നതു മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി അഞ്ചായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിലൂടെ മിനിമം വേതനം കണക്കാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടാകും. അപകടസാധ്യതയുള്ള തൊഴില്‍ പ്രക്രിയകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്കുന്ന വ്യവസ്ഥയില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തും.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ സംസ്ഥാന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും നിര്‍ദേശമുണ്ട്. ബോണസ് ആനുകൂല്യങ്ങളുടെ പരിധിയില്‍ വരേണ്ട തൊഴിലാളികളുടെ എണ്ണം വിപുലീകരിക്കും. കൂടുതല്‍ തൊഴിലാളികളെ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.