ജംഷഡ്പുര്: കേരളം x ജാര്ഖണ്ഡ് രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടം സമനിലയില്. ഫോളോ ഓണ് ചെയ്ത് രണ്ടാം ഇന്നിംഗ്സിനായി ബാറ്റിംഗിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില് 62 റണ്സെടുത്ത് നില്ക്കെ കളി സമനിലയില് അവസാനിപ്പിക്കാന് തീരുമാനിക്കുകയായിരുന്നു.
ജാര്ഖണ്ഡിന്റെ കൂറ്റന് സ്കോറായ 587 റണ്സിനെതിരേ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 395ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ജാര്ഖണ്ഡിനു മൂന്നു പോയിന്റ് ലഭിച്ചു. സ്കോര്: ജാര്ഖണ്ഡ് 587. കേരളം 395, 62/2 (ഫോളോ ഓണ്).
ആറു വിക്കറ്റിന് 269 റണ്സ് എന്ന നിലയില് അവസാന ദിവസം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനു സല്മാന് നിസാറും (135 പന്തില് 43), ആദിത്യ സര്വാടെയും (135 പന്തില് 95) ചേര്ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. ഏഴാം വിക്കറ്റില് ഇവര് 104 റണ്സ് കൂട്ടിച്ചേര്ത്തു. ഏദന് ആപ്പിള് ടോം (മൂന്ന്) വേഗം മടങ്ങി. ജാര്ഖണ്ഡിനായി ഉത്കര്ഷ് സിംഗും മനീഷി സിംഗും നാലു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില് കേരളത്തിനായി അഭിഷേക് പി. നായര് (21 നോട്ടൗട്ട്) പോരാട്ടം തുടര്ന്നു. ആദ്യ ഇന്നിംഗ്സില് അഭിഷേക് സെഞ്ചുറി (126) നേടിയിരുന്നു. സച്ചിന് ബേബി (37), രോഹന് കുന്നുമ്മല് (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.