തൃശൂർ: മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന നിർദേശത്തിൽ വ്യക്തത വരുത്തി എക്സൈസ് മന്ത്രി എം. ലിജു.
പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും പ്രായപൂർത്തി സംബന്ധിച്ചു സംശയം തോന്നിയാൽ ആധാർ കാർഡ് പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. 23 വയസ് തികഞ്ഞില്ല എന്നു കരുതുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കാനെത്തിയപ്പോഴാണ് മന്ത്രി ലിജു വിവാദപ്രസ്താവന നടത്തിയത്. ആധാർ കാർഡ് പരിശോധിച്ചു വയസ് ബോധ്യപ്പെട്ടാൽ മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യം കർശനമായി പാലിക്കണമെന്നും പ്രായപരിധി പാലിക്കുന്നതിലുണ്ടായ വീഴ്ചയാണു നെടുന്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഹൈക്കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യുഡിഎഫിന്റെതെന്നും മന്ത്രി പറഞ്ഞു.