ഹൈദരാബാദ്: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കാൻ ആറു വയസുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. തെലുങ്കാനയിലെ റംഗ റെഡ്ഡി ജില്ലയിലെ പോലീസുകാരനായ പൂജാരി തിരുപതിക്കെതിരെയാണ് കേസെടുത്തത്.
തിരക്കേറിയ റോഡിലൂടെ ആറ് വയസുകാരി കാറോടിക്കുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിൽ പേരക്കുട്ടി ഓടിക്കുന്ന കാറിൽ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്.
ട്രാഫിക്കിൽ കാർ വളരെ വേഗം കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് സ്റ്റിയറിംഗിന് പിന്നിലുള്ള പെൺകുട്ടിയെ ആളുകൾ ശ്രദ്ധിക്കുന്നത്. പരിശീലനം റോഡിലല്ല, ഗ്രൗണ്ടിൽ വച്ച് നൽകാനും മോട്ടോർ വാഹന നിയമങ്ങൾ പോലീസുകാർക്ക് ബാധകമല്ലേയെന്നും നാട്ടുകാർ ചോദിച്ചു.
ഗിന്നസ് റിക്കാർഡ് ഇടാനുള്ള പരിശീലനമാണെന്നും നിങ്ങൾ ആരാണ് ചോദ്യം ചെയ്യാനെന്നും ഇയാൾ പ്രതികരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള വിമർശനം ശക്തമായി. ഇത്തരം സാഹസികതയ്ക്ക് കാറിലുള്ളവർ മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും അടക്കം വലിയ വില നൽകേണ്ടി വരുമെന്നാണ് വ്യാപകമാവുന്ന വിമർശനം.
സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.