നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ നിരത്തുകളിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ കാഴ്ച ദിനംപ്രതി വർധിച്ചു വരികയാണ്. പിഴയീടാക്കുമെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെത്തന്നെ, പലരും ഈ സുരക്ഷാ മാനദണ്ഡത്തോട് മുഖംതിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, അടുത്തിടെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഒരാളെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞപ്പോൾ ഉണ്ടായ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
നിയമം ലംഘിച്ചതിന് പോലീസ് കൈകാണിച്ചപ്പോൾ, ആ യുവാവ് നൽകിയ വിശദീകരണം കേട്ട് പോലീസുകാരന് ചിരിയടക്കാനായില്ല. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ചലാൻ നൽകാൻ തയ്യാറായ ഉദ്യോഗസ്ഥനോട്, "സാർ, എന്റെ തലയ്ക്ക് പാകമായ ഹെൽമെറ്റ് വിപണിയിൽ ലഭ്യമല്ല.
ദയവായി വലുപ്പത്തിലുള്ള ഹെൽമെറ്റുകൾ നിർമ്മിക്കാൻ കമ്പനികളോട് നിർദ്ദേശിക്കണം' എന്നായിരുന്നു മറുപടി. ഈ അപ്രതീക്ഷിത മറുപടി കേട്ട് അമ്പരന്നെങ്കിലും, സംശയം തീർക്കാൻ വേണ്ടി ഒരു ഹെൽമെറ്റ് ധരിക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു.
എന്നാൽ, അത് അദ്ദേഹത്തിന്റെ തലയിൽ പാകമാവാതെ വന്നതോടെ പോലീസുദ്യോഗസ്ഥൻ സത്യം മനസിലാക്കി. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ഈ അവസ്ഥയിൽ ചിരിച്ചുപോവുകയും, "ഇനി ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് ചലാൻ തരുന്നത്?' എന്ന് ചോദിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹം ക്യാമറയിലേക്ക് തിരിഞ്ഞ്, ഈ വാഹനം ഓടിച്ചയാളെപ്പോലുള്ളവരുടെ ആവശ്യം പരിഗണിച്ച് വലുപ്പത്തിലുള്ള ഹെൽമെറ്റുകൾ നിർമ്മിക്കാൻ നിർമ്മാതാക്കളോട് അഭ്യർഥിക്കുന്ന കാഴ്ചയും വീഡിയോയിലുണ്ടായിരുന്നു.
ഈ വീഡിയോ അതിവേഗം ഇന്റർനെറ്റിൽ പ്രചരിച്ചു. സംഭവത്തിന്റെ തമാശ നിറഞ്ഞ യാഥാർഥ്യം ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിച്ചത്.
"ഇതൊരു പുതിയ കണ്ടുപിടിത്തമാണ്', എന്നും "ഹെൽമെറ്റ് നിർമ്മാണ കമ്പനികൾ പോലും ഈ സാധ്യതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല' എന്നുമുള്ള അഭിപ്രായങ്ങൾ പങ്കുവെക്കപ്പെട്ടു.
അതേസമയം, ചിലർ തമാശയായി "ഇപ്പോൾ ഹെൽമെറ്റ് കമ്പനിക്കാർ വലിയ പ്രതിസന്ധിയിലായി' എന്നും മറ്റും കമന്റ് ചെയ്തു.