ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഇതോടെ ബിൽ നിയമമായി മാറി. പാർലമെന്റിന്റെ ഇരുസഭകളും (ലോക്സഭയും രാജ്യസഭയും) പാസാക്കിയതിനെ തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ പേരുമാറ്റം പ്രാബല്യത്തിൽ വരുന്നത്. 2024 ജൂണിലാണ് സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിലേക്ക് അയച്ചിരുന്നത്. തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടുകയും, ബില്ലിനെ അനുകൂലിച്ച് നിയമസഭ വീണ്ടും പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.