ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മാലിന്യക്കൂമ്പാരത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 25-നും 30-നും ഇടയിൽ പ്രായം വരുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലിസ് സ്ഥിരീകരിച്ചു.
യുവതിയുടെ മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. ഇതോടെ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മറ്റേതെങ്കിലും സ്ഥലത്ത് വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം, തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തൽ. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.