ന്യൂഡൽഹി: സിക്കിം ഗവർണറായി നിയമിച്ച ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെതിരെ ഡൽഹിയിൽ എൻഎസ്യുഐ പ്രതിഷേധം. ജന്തർ മന്തറിൽ മെഴുകുതിരി കത്തിച്ച് എൻഎസ്യുഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
അങ്കിത ഭണ്ഡാരി വധക്കേസിൽ ആരോപണം നേരിടുന്ന ദുഷ്യന്ത് ഗൗതമിന്റെ നിയമനം സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം അങ്കിതയുടെ മാതാപിതാക്കൾ ഇന്ത്യാ ഗേറ്റിൽ ധർണ നടത്തിയിരുന്നു.
ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി 2022 സെപ്റ്റംബറിലാണ് കൊല്ലപ്പെടുന്നത്. കാണാതായി നാല് ദിവസത്തിന് ശേഷം കനാലിൽ നിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തുന്നത്.