തൃശൂർ: ജനത്തിന് മികച്ച വിനോദോപാധികൾ ഒരുക്കിക്കൊടുക്കുക എന്നുള്ളതു സർക്കാരിന്റെ കടമയാണെന്ന് സാംസ്കാരികമന്ത്രി പി.സി. വിഷ്ണുനാഥ്. തൃശൂരിൽ കേരള സംഗീതനാടക അക്കാദമി പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലയെ കേന്ദ്രീകൃതമാക്കാതെ എല്ലാ മേഖലയിലും വ്യാപിപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങൾ കലാവികസനത്തിനുള്ള തുക കൂടി കണ്ടെത്തിയാൽ കലാരംഗം കൂടുതൽ പരിപോഷിപ്പിക്കപ്പെടും.
വരുംകാലങ്ങളിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നതിനു മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. അക്കാദമികളുടെ പ്രവർത്തനങ്ങളെ സർക്കാർ എപ്പോഴും പിന്തുണയ്ക്കും. ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിന് മുൻകൂറായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 21 മുതൽ കേരളത്തിൽ പ്രചാരണ നാടകവണ്ടി സഞ്ചരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെല്ലോഷിപ്പ് ജേതാക്കളായ കൂടിയാട്ടം കലാകാരൻ ജി. വേണു, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരി, നാടക കലാകാരൻ ജയപ്രകാശ് കുളൂർ എന്നിവർക്കും അവാർഡ്, ഗുരുപൂജ ജേതാക്കൾക്കും മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷനായി.
സംഗീത നാടക അക്കാദമി ചെയർപേഴ്സണ് ജി. വേണുഗോപാൽ, രമേഷ് പിഷാരടി എംഎൽഎ , സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു ,സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി പ്രദീപ്കുമാർ, വൈസ് ചെയർപേഴ്സണ് ഹേമന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.