തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന് നടത്തുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് (ഡിവൈഎസ്പി) സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ ക്രമക്കേടെന്നു പരാതി. പൊലിസ് ബറ്റാലിയന് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ മെയിന്‍ പട്ടികയില്‍ പോലും ഉള്‍പ്പെടാതിരുന്ന എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ എസ്എഫ്ഐ നേതാവ് ജിതിന് കെ.ജെ. എന്ന ഉദ്യോഗാര്‍ഥിക്ക് ഡിവൈഎസ്പിമാരുടെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നല്കി നിയമനം നല്‍കിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
2019ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു കേസ് പ്രതികള്‍ പിഎസ്സിയുടെ പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ആദ്യ റാങ്കുകളില്‍ കടന്നുകൂടിയ തട്ടിപ്പിന് സമാനമായ ക്രമക്കേടാണ് ഇതിലും നടന്നിട്ടുള്ളതെന്നു സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍ വ്യക്തമാക്കി.
ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തില്‍ മൂന്നാം ക്ലാസില്‍ ബികോം പാസായ വ്യക്തിയാണ്, സബ് ഇന്‍സ്പെക്ടര്‍, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന മത്സരപരീക്ഷ എഴുതിയ ഉയര്‍ന്ന യോഗ്യതയുള്ളവരെ പിന്തള്ളി ഒന്നാം റാങ്ക് നേടിയത്. എറണാകുളം ജില്ലയിലെ വിവിധ കോളജ് പ്രിന്‍സിപ്പല്‍മാരെ കൈയേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉള്‍പ്പെടെ നിരവധി കേസുകള്‍ ജിതിന്റെ പേരില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലവില്‍ വന്ന ഈ റാങ്ക് ലിസ്റ്റിലെ പിഎസ് സിയുടെ അടിയന്തര നടപടികളില്‍ വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. 2025 സെപ്റ്റമ്പറിലാണ് ഡിവൈഎസ്പി തസ്തികയിലേക്ക് 17,000ത്തോളം പേരില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.
സാധാരണ മാസങ്ങള്‍ നീളുന്ന നടപടികള്‍ വേഗത്തിലാക്കി, ഡിസംബര്‍ 25ന് എഴുത്തുപരീക്ഷ നടത്തി. തുടര്‍ന്ന് 2026 മാര്‍ച്ച് 26ന് ഫിസിക്കല്‍ ടെസ്റ്റും ഏപ്രില്‍ 26ന് 35 പേരുടെ ഇന്റര്‍വ്യൂവും പൂര്‍ത്തിയാക്കി.
മേയ് ആറിന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്സി ചെയര്മാന് എം.ആര്. ബൈജു നേരിട്ട് പങ്കെടുത്ത ഇന്റര്‍വ്യൂവില്‍, എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ പിന്നിലാക്കാന്‍ ക്രമവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.1983നു ശേഷം ഇതാദ്യമായാണ് ഡിവൈഎസ്പി തസ്തികയിലേക്ക് നേരിട്ടു നിയമനം നടത്തുന്നത്.