തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ അരുൺ കെ.എസ്, കെ.പി. തോംസൺ, സുനിൽരാജ് എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം കേസ് രേഖകളിൽ തിരുത്തലുകൾ വരുത്തിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
കേസ് അന്വേഷിച്ച ഈ മൂന്ന് ഡിവൈഎസ്പിമാരുടെ മൊഴികളാണ് മുൻപ് എഡിജിപിയുടെ സസ്പെൻഷനിലേക്ക് നയിച്ച അന്വേഷണത്തിൽ നിർണായകമായത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെങ്കിൽ പോലും ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. കേസിൽ വകുപ്പുതല അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ ചുമതലപ്പെടുത്താൻ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.