തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് എടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്ന് മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ചില ഉദ്യോഗസ്ഥർക്കാണ് എതിർപ്പെന്നും അദ്ദേഹം പറഞ്ഞു. ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
15ന് മുമ്പായി ബാക്കിയുള്ള നടപടികൾ പൂർത്തിയാക്കി വിഷയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുറേക്കാലമായി ചിലർ ഈ വിഷയത്തെ വെള്ളാനയാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇ-ടെൻഡർ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെയുണ്ടെന്നും മന്ത്രി ആരോപിച്ചു.
വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിന് സർക്കാർ പൂർണ പിന്തുണ നൽകും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.