കണ്ണൂർ: അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. ‘നാളെ നിങ്ങൾ വന്നു ഞാനാണ് പാർട്ടി എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. അങ്ങനെ കണക്കാക്കിയാൽ മതി. അർജുൻ ആയങ്കിയാണോ പാർട്ടി? അവൻ പാർട്ടി അല്ല എന്ന് എല്ലാവർക്കും അറിയില്ലേ.
അയാൾ സോഷ്യൽ മീഡിയയിൽ വരുന്നതിനു പിന്നിൽ പ്രത്യേക അജൻഡ ഉണ്ട്. ലൈക്ക് ചെയ്യുന്നതിനൊക്കെ നെറ്റ്വർക്ക് ഉണ്ട്. സിപിഎമ്മിനെ അറിയാത്തവരാണോ മലയാളികൾ. അർജുൻ ആയങ്കിയെ സോഷ്യൽ ഇടത്തിൽ അനുകൂലിക്കുന്നവർ പാർട്ടിക്കാർ ആകാൻ ഇടയില്ല’- ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി മാറ്റി. കേരള പോലീസ് പവർഫുൾ ആണെന്നും ഇപ്പോൾ മാറിയോ എന്നറിയില്ലെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ടു വന്നേനെയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെയും വിദ്യാർഥികളെയും വളരെ മോശമായ രീതിയിൽ അപമാനിച്ച മോഹൻദാസിന്റെ അറസ്റ്റിനെതിരേ ബിജെപി രംഗത്തു വന്നതോടെ അവരുടെ നയം എന്താണെന്നു ജനം മനസിലാക്കും.
രാജ്യത്ത് ബിജെപി സർക്കാരിനെതിരേ ശക്തമായ ജനവികാരം ഉയർന്നു വരികയാണ്. ഏറ്റവും ഒടുവിൽ കണ്ട നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലംതന്നെ ഇതിനു തെളിവാണ്. കഴിഞ്ഞ സർക്കാരു കളിൽ കാണാത്ത പിടിപ്പുകേടാണ് ഇപ്പോൾ കേരള ഭരണത്തിൽ കാണുന്നത്. മന്ത്രിമാർ തമ്മിൽ മാത്രമല്ല, ഉദ്യോഗസ്ഥ- മന്ത്രിതലത്തിലും ഭിന്നതയും തർക്കവും വ്യക്തമാണെന്നു ജയരാജൻ പരിഹസിച്ചു.