വാഹനങ്ങളിൽ 100 ശതമാനം എഥനോൾ ഉപയോഗിക്കുന്നതിനുള്ള ഇ100 നിയന്ത്രണ ചട്ടക്കൂടിനു കഴിഞ്ഞയാഴ്ച കേന്ദ്ര റോഡ് ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കി ബദൽ ഊർജസ്രോതസുകളിലേക്കു ചുവടുമാറുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നിർണായകമായ ചുവടുവയ്പാണ് ഇ100 ചട്ടക്കൂടിന്റെ അംഗീകാരം.
2018ലെ ദേശീയ ജൈവഇന്ധന നയത്തിന്റെ ഭാഗമായി 2030ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനായിരുന്നു കേന്ദ്രഗവൺമെന്റ് ലക്ഷ്യമിട്ടിരുന്നത്. ഇത് അഞ്ചു വർഷം നേരത്തേ 2025ൽ തന്നെ നേടിയതോടെയാണ് ഇ85, ഇ100 ചട്ടക്കൂടുകൾ കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചിരിക്കുന്നത്. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയതാണ് ഇ85 ഇന്ധനമിശ്രിതം. ഡീസലിൽ 15 ശതമാനം ഐസോബുട്ടനോൾ കലർത്തുന്നതിനുള്ള പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ22 മുത ൽ 30 വരെയുള്ള ഇന്ധന മിശ്രിതങ്ങളുടെ എക്സൈസ് തീരുവയും കേന്ദ്രം ഒഴിവാക്കി.
ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കുക, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെയുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഊർജ സ്വയംപര്യാപ്തത കൈവരിക്കുക തുടങ്ങിയവയാണ് എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. കർഷകർക്കു സ്ഥിരമായി ഉയർന്ന വരുമാനം ഉറപ്പാക്കാൻ ഇതു സഹായിക്കും. പരിസ്ഥിതി മലിനീകരണം കുറയും. പരിസ്ഥിതി സൗഹൃദപരമായ "ഹരിത ഇന്ധന'മായാണ് എഥനോളിനെ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. എഥനോൾ കലർത്തിയതോടെ 2014-15നും 2025 ഓഗസ്റ്റിനുമിടയിൽ 1.44 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി കേന്ദ്രം ലാഭിച്ചു. കർഷകർക്ക് 80,000 കോടി രൂപയുടെ വരുമാനനേട്ടമുണ്ടായി. 73.6 ദശലക്ഷം മെട്രിക് ടൺ കാർബൺ ഉത്സർജനം ഒഴിവായി. 30 കോടി വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനു തുല്യമാണിതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പോഷകസുരക്ഷ, ഭൂവിനിയോഗം, രാസവളം പ്രയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട അതിസങ്കീർണമായ വിഷയമാണ് വൻതോതിലുള്ള എഥനോൾ ഉപയോഗത്തിലേക്കുള്ള പരിവർത്തനം.
കൃഷിയുടെ ഇന്ധനവത്കരണം: ഭക്ഷണമോ ഇന്ധനമോ ആദ്യം?
റബർ, പരുത്തി, ചണം തുടങ്ങിയ ചുരുക്കം വിളകൾ ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ കർഷകർ പരമ്പരാഗതമായി ഭക്ഷ്യോത്പാദകരാണ്. പുതിയ നയത്തോടെ ഭക്ഷ്യോത്പാദകരായ കർഷകർ കൂട്ടത്തോടെ ഊർജോത്പാദകരായി മാറും. എണ്ണപ്പാടങ്ങൾക്കു പകരം ഊർജം വിളവെടുക്കുന്നത് കർഷകരുടെ വയലുകളിൽനിന്നായിരിക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നൽകുന്ന രാസവളം സബ്സിഡികളുടെയും കുറഞ്ഞ താങ്ങുവിലയുടെയുമെല്ലാം അദൃശ്യ ഗുണഭോക്താക്കളായി ഡിസ്റ്റിലറികളും ജൈവ ഇന്ധന കമ്പനികളും മാറും.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താതെയാണ് ഇ85ലേക്കും ഇ100ലേക്കുമുള്ള ദ്രുതപരിവർത്തനം. പെട്രോളിൽ വൻതോതിൽ എഥനോൾ കലർത്താനുള്ള പദ്ധതി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്ന് ഈ വർഷത്തെ കേന്ദ്രബജറ്റിനു മുന്നോടിയായി സമർപ്പിച്ച 2024-25ലെ ഇക്കണോമിക് സർവേ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നയം മാറ്റം. അരി, മക്കച്ചോളം, കരിമ്പ് എന്നിവയാണ് എഥനോൾ ഉത്പാദനത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീഡ് സ്റ്റോക്കുകൾ.
ഇന്ത്യയുടെ എഥനോൾ ഉത്പാദനത്തിന്റെ 65 ശതമാനവും ഭക്ഷ്യധാന്യങ്ങൾ ഉപയോഗിച്ചാണ്. എഥനോൾ ഉത്പാദനത്തിന്റെ 40 ശതമാനമെങ്കിലും ധാന്യങ്ങളിൽനിന്നായിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിബന്ധന. 2024-25ൽ 52 ലക്ഷം ടൺ അരി, "പൊടിഞ്ഞ അരി' എന്ന ലേബലിൽ എഫ്സിഐ ഗോഡൗണുകളിൽനിന്ന് എഥനോൾ ഡിസ്റ്റിലറികളിലേക്കു വഴിതിരിച്ചുവിട്ടു. 2025-26ൽ ഇത് 90 ലക്ഷം ടൺ ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഇ85, ഇ100 ലക്ഷ്യങ്ങൾ നേടണമെങ്കിൽ ബഫർ സ്റ്റോക്കിലുള്ള കൂടുതൽ അരി ഡിസ്റ്റലറികളിലേക്കു വഴിതിരിച്ചുവിടേണ്ടിവരും. പശ്ചിമേഷ്യാ യുദ്ധത്തെത്തുടർന്ന് ലോകമെങ്ങും രാസവള പ്രതിസന്ധി നേരിടുകയാണ്.
രാസവളം പ്രതിസന്ധിയും ആസന്നമായ സൂപ്പർ എൽ നിനോയും കാലാവസ്ഥാ വ്യതിയാനവും ലോകത്തെ ആസന്നഭാവിയിൽ ഭക്ഷ്യപ്രതിസന്ധിയിലേക്കു തള്ളിവിട്ടേക്കുമെന്ന ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഊർജ സ്വയംപര്യാപ്തയ്ക്കുവേണ്ടി ഭക്ഷ്യസുരക്ഷയെ അവഗണിക്കുന്നത് അപകടകരമായ കളിയാണ്. ആഗോളതലത്തിൽ ഓരോ 20 ടൺ രാസവളം ഉപയോഗിക്കുമ്പോഴും ഒരു ടൺ എഥനോളിനു വേണ്ടിയുള്ള കൃഷിയിലേക്കാണ് പോകുന്നത്. കൂടുതൽ എഥനോൾ ഉത്പാദിപ്പിക്കുമ്പോൾ അതിന്റെ കൃഷിക്ക് കൂടുതൽ രാസവളം വേണ്ടിവരും. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയുമെങ്കിലും കൃഷിക്കാവശ്യമുള്ള യൂറിയ, ഡിഎപി, പൊട്ടാസ്യം രാസവളങ്ങൾ വിദേശ ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷ്യോത്പാദനത്തിനുള്ള കൃഷിയും ഇന്ധനത്തിനുവേണ്ടിയുള്ള കൃഷിയും തമ്മിൽ രാസവളത്തിനുവേണ്ടി കടുത്ത മത്സരമുണ്ടാകും.
പോഷകസുരക്ഷയും അപകടത്തിൽ
ഇ85 ലക്ഷ്യത്തിലെത്തണമെങ്കിൽ നിലവിലെ എഥനോൾ ഉത്പാദനം മൂന്ന്-നാല് ഇരട്ടിയെങ്കിലും വർധിപ്പിക്കണം. മക്കച്ചോളമാണ് എഥനോൾ ഉത്പാദനത്തിനുവേണ്ടി ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ധാന്യവിള. 2020-21ൽ രാജ്യത്ത് മക്കച്ചോളം ഏഴു ലക്ഷം ഹെക്ടറിലാണ് എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട് കൃഷി ചെയ്തിരുന്നതെങ്കിൽ, 2024-25ൽ അത് 57 ലക്ഷം ഹെക്ടറായി ഉയർന്നു. ഇ85, ഇ100 ലക്ഷ്യങ്ങൾ നേടണമെങ്കിൽ സമീപഭാവിയിൽ പോഷകസുരക്ഷയുമായി ബന്ധപ്പെട്ട വിളകൾ മക്കച്ചോളം കൃഷിക്ക് വഴിമാറേണ്ടിവരും. ഉയർന്നതും ഉറപ്പുള്ളതുമായ വില ലഭിക്കുന്നതിനാൽ മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ ഉപേക്ഷിച്ച് മക്കച്ചോളം കൃഷിയിലേക്കു തിരിഞ്ഞതായി 2024-25ലെ കേന്ദ്ര സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ജനങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീന്റെ 25 ശതമാനവും പയറുവർഗങ്ങളിൽനിന്നാണ് വരുന്നത്.