തിരുവനന്തപുരം: എഥനോൾ വിവാദത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണമുന്നയിക്കുന്നവർക്ക് വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അറിവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുവെന്ന ആരോപണവും മന്ത്രി തള്ളി.
രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാണ് ശാസ്ത്രീയ അംഗീകാരമുള്ളതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. ഇന്ധനത്തിൽ എഥനോൾ ചേർക്കുന്ന സംവിധാനവും ഇതിന് അനുസൃതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലെൻഡിംഗ് പോയിന്റിൽ 20 ശതമാനം എഥനോൾ കലർത്തുന്ന രീതിയിലാണ് യന്ത്രങ്ങൾ കാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. നിശ്ചിത അളവിലെത്തുമ്പോൾ എഥനോൾ ചേർക്കുന്നത് സ്വമേധയാ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
20 ശതമാനം എന്ന നിശ്ചിത അളവിൽ മൂന്ന് ശതമാനം വരെ വ്യതിയാനം ഉണ്ടായാൽ പോലും എഥനോളിന്റെ അളവ് 19.4 മുതൽ 20.6 ശതമാനം വരെയായിരിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം. അതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കാതെയാണ് ചിലർ പ്രതികരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.