കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വെള്ളിയാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിജിലന്‍സ് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രിംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാണിച്ചാണ് ഇഡി സമന്‍സിന് പിണറായി മറുപടി നല്‍കിയത്.
അതേസമയം ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രിംകോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീല്‍ ശനിയാഴ്ച പരിഗണിച്ചേക്കും. ജസ്റ്റീസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് പിണറായി വിജയനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തത്.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്ന ഹൈക്കോടതിയുടെ നടപടിയും സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. അതിനാല്‍ പിണറായിയുടെ അപ്പീല്‍ ഉടന്‍ തന്നെ ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത. പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഹാജരാകും.
വിജിലന്‍സ് അന്വേഷണത്തിന് താത്കാലിക സ്റ്റേ അനുവദിച്ചെങ്കിലും കേസിലെ എഫ്ഐആര്‍ സുപ്രിംകോടതി റദ്ദാക്കിയിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇഡിയുടെ നീക്കം.