കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. സിഎംആർഎൽ - എക്സാലോജിക് പണമിടപാട് കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ടി. വീണ പ്രതിയായ സിഎംആർഎൽ - എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലെടുത്ത കേസിന്റെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ സംഭവം നടന്നിട്ട് 10 ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.