കണ്ണൂര്‍: സംസ്ഥാനത്തെ ഇഎന്‍ടി വിദഗ്ധരുടെ 24-ാം സംസ്ഥാന സമ്മേളനം ‘കെന്റകോണ് 26’ സമാപിച്ചു. കണ്ണൂർ നായനാര്‍ അക്കാഡമിയില്‍ സമാപന പൊതുസമ്മേളനം അസോസിയേഷന് ഓഫ് ഓട്ടോലാറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (എഒഐ) സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. പ്രിയദര്ശന് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി സെക്രട്ടറി ഡോ. അരുണ്‍ ദിവാകര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി. രാമകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ ഡോ. വിമല്‍ നമ്പ്യാര്‍, എഒഐ കണ്ണൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ലതാ മേരി ജോസ്, സെക്രട്ടറി ഡോ. അനൂപ് അബ്ദുൾ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
എഒഐ കണ്ണൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ വിദേശത്തുനിന്നടക്കമുള്ള 600 ഡോക്ടര്‍മാരും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മുന്നൂറോളം പിജി വിദ്യാര്‍ഥികളും പങ്കെടുത്തു.
മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ വിദഗ്ധര്‍ 50 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്നലെ പിജി വിദ്യാര്‍ഥികള്‍ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. മികച്ച പോസ്റ്ററിനും പ്രബന്ധത്തിനും അവാര്‍ഡുകള്‍ നല്കി. ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 30 സ്റ്റാളുകളും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും നടന്നു.