ചക്കിട്ടപാറ: ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവക എകെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് 500ൽ പരം കത്തുകളയച്ചു. വികാരി ഫാ. ജേക്കബ് കപ്പലുമാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇഎസ്എ സംബന്ധിച്ച വിശദവിവരങ്ങൾ ബോണി ആനത്താനം വിശദീകരിച്ചു. ട്രസ്റ്റിമാരായ ബേബി വട്ടോട്ടു തറപ്പേൽ, ബിനു കാലായിൽ, സജി കൊല്ലിയിൽ, ജോമോൻ തീക്കുഴി വയലിൽ, പാരീഷ് സെക്രട്ടറി സാബു പുളിക്കൽ, അക്കൗണ്ടന്റ് സിജു തോണക്കര എന്നിവർ നേതൃത്വം വഹിച്ചു.
തെറ്റ് തിരുത്തണം: കേരള കോൺഗ്രസ്-എം
തൊട്ടിൽപ്പാലം: ജൂലായ് 27ന് കേന്ദ്രം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിർത്തി നിർണയത്തിൽ അപാകതകൾ ഉള്ളതിനാൽ അത് തിരുത്തണമെന്നും ഭൂപടങ്ങൾ ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്നും കേരള കോൺഗ്രസ്-എം നാദാപുരം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
ഇഎസ്എയിൽ ഉൾപ്പെട്ട വില്ലേജുകളുടെ വ്യക്തമായ മാപ്പ് കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധികരിക്കണം. വനസംരക്ഷണത്തിന്റെ പേരിൽ, തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ല. പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സമർപ്പിച്ച രേഖകളിൽ വന്ന തെറ്റാണ്. ഈ തെറ്റു തിരുത്താൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
കൺവൻഷൻ ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സണ്ണി ഞെഴുകുംകാട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബോബി മൂക്കൻ തോട്ടം, വിനോദ് കിഴക്കയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോബിറ്റ് പുതുകുളങ്ങര, ബേബി കറുകമാലിൽ, സാന്റി ഫിലിപ്പ്, ജോബി വാതപ്പിള്ളിൽ, സെബാസ്റ്റ്യൻ കുന്നിപറമ്പിൽ, ജെയിൻ ചൂരപ്പൊയ്ക, തോമസ് കടുത്തലകുന്നേൽ, സ്കറിയാ കണിപറമ്പിൽ, സാബു എടാട്ട്കുന്നേൽ, ഡെന്നീസ് പെരുവേലിൽ, രാജൻ പാറമ്മൽ, സാലി സജി, മിനി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ടിൽ ഗ്രാമസഭകൾ ചേർന്നു
കൂരാച്ചുണ്ട്: ജൂലൈ 27ന് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖലയുടെ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഗ്രാമസഭകൾ ചേർന്നു. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ നിന്നും ജനസാന്ദ്രത കൂടിയ കേരളത്തിലെ പശ്ചിമഘട്ട മേഖലകൾ ഒഴിവാക്കണം, പൊതുജനങ്ങൾക്കായി
കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണം, സംസ്ഥാന സർക്കാരിന്റെ ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കെഎംഎൽ മാപ്പിൽ ഉൾപ്പെട്ട കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രദേശങ്ങൾ നീക്കം ചെയ്യണം തുടങ്ങിയ പ്രമേയങ്ങളാണ് ഗ്രാമസഭകളിൽ ആവശ്യപ്പെട്ടത്.
ഗ്രാമസഭ തീരുമാനങ്ങൾ അംഗീകരിക്കുന്നതിനായി ഒന്‍പതിന് രാവിലെ 11ന് ഭരണസമിതി യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ കരട് വിജ്ഞാപനം സംബന്ധിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ്, ഡാർളി ഏബ്രഹാം, ചെറിയാൻ ജോസഫ്, ബ്ലോക്ക് അംഗം അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് വെളിയത്ത്, സണ്ണി ജോസഫ്, റസീന യൂസഫ്, ബിന്ദു കുര്യൻ, എൻ.കെ. കുഞ്ഞമ്മദ്, എം.ജെ. ആൻസമ്മ, പ്രബീഷ് തളിയോത്ത്, അഡ്വ. വി.കെ. ഹസീന, ജലീൽ കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.
‘ജനങ്ങളുടെ ആശങ്ക അകറ്റണം’
കോടഞ്ചേരി: പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് മലയോര ജനതയുടെ ആശങ്ക അകറ്റണമെന്ന് കോണ്‍ഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റവന്യു, കൃഷിഭൂമികള്‍ വേര്‍തിരിച്ച് വനം മാത്രം അടിസ്ഥാനമാക്കി കോടഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി നല്കിയ മാപ്പ് അംഗീകരിക്കണം. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് കത്തുകള്‍ അയക്കാനും നിവേദനം നല്‍കാനും ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് വടക്കേമുറിയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂര്‍, പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി കാപ്പാട്ടുമല, ജോസ് പൈക, ആന്റണി നീര്‍വേലി, ശിവദാസന്‍ താഴെ പാലാട്ട്, ബാബു പട്ടരാട്ട്, ജിജി എലുവാലുങ്കല്‍, റോയി കുന്നപ്പള്ളി, ജോബി ജോസഫ്, മിനി സണ്ണി, ബേബി കോട്ടപ്പള്ളി, ഫ്രാന്‍സിസ് മുണ്ടാട്ടില്‍, ബിജു ഓത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇഎസ്എ അടിച്ചേൽപ്പിക്കരുത്: കിഫ
കൂരാച്ചുണ്ട്: പരിസ്ഥിതി ലോല മേഖല (ഇഎസ്എ) ജനവാസ മേഖലകളിൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധവും കർഷകരുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കുമേലുള്ള അധിനിവേശവുമാണെന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫ ജില്ലാ പ്രസിഡന്റ് ഷെല്ലി ജോസ് തടത്തിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ജനങ്ങളുടെ വാസസ്ഥലങ്ങളും കൃഷിഭൂമികളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണം. ശാസ്ത്രീയ പഠനങ്ങളോ കൃത്യമായ ഫീൽഡ് സർവേകളോ നടത്താതെയാണ് ഇത്തരം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങളുടെയും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ്. തലമുറകളായി അധ്വാനിച്ച് ജീവിക്കുന്ന കർഷകരെ സ്വന്തം മണ്ണിൽ അനാഥരാക്കുന്ന നീക്കങ്ങൾക്കെതിരേ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.