നിലന്പൂർ: നിലന്പൂർ താലൂക്കിലെ 11 വില്ലേജുകളിലെ ജനവാസമേഖലകളെ നിർദിഷ്ട പരിസ്ഥിതി ലോലപ്രദേശമായി (ഇഎസ്എ) ഉൾപ്പെടുത്താനുള്ള കരട് വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലന്പൂർ ഫൊറോന കൗണ്‍സിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് നിവേദനം നൽകി.
അകന്പാടം, അമരന്പലം, ചോക്കാട്, ചുങ്കത്തറ, കാളികാവ്, കരുളായി, കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ്, കുറുന്പലങ്ങോട്, പോത്തുകല്ല്, വഴിക്കടവ് എന്നീ 11 ഗ്രാമങ്ങളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വന-വന്യജീവി സംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം അംഗീകരിക്കുന്ന കൗണ്‍സിൽ, നിലന്പൂർ താലൂക്കിലെ ജനങ്ങൾ വർഷങ്ങളായി വനവത്കരണം, വനസംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
എന്നാൽ ജനസാന്ദ്രതയേറിയ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തുന്നത് തലമുറകളായി ഇവിടെ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വീടുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും കാർഷിക പ്രവർത്തനങ്ങളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യ വികസനവും ഇതുമൂലം അനിശ്ചിതത്വത്തിലാകാനും സാധ്യതയുണ്ട്.
അതിനാൽ ജനവാസ മേഖലകൾ, കൃഷിഭൂമികൾ, നിലവിലുള്ള മനുഷ്യവാസ കേന്ദ്രങ്ങൾ എന്നിവ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കി സംരക്ഷണം ആവശ്യമായ വനമേഖലകൾ, വന്യജീവി ആവാസകേന്ദ്രങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്ന് കൗണ്‍സിൽ ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനം അന്തിമമാക്കുന്നതിന് മുന്‍പ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും ആശങ്ക പരിഗണിച്ച് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ നിയമാനുസൃത അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കുന്ന സമതുലിതമായ സമീപനം സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു.
നിലന്പൂർ ഫൊറോന കൗണ്‍സിൽ പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ പുത്തേനും സെക്രട്ടറി എൻ.കെ. ജോയിയും ചേർന്ന് നിവേദനം സമർപ്പിച്ചു.