നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ധുരന്ധർ സിനിമയുടെ ടൈറ്റിൽ കാർഡിലെ ഒരു പേരാണ് ഇപ്പോൾ ആരാധകരുടെയിടയിൽ ചർച്ച. രൺവീർ സിംഗ് നായകനായെത്തിയ ചിത്രം ബോക്സ്ഓഫീസിൽ വൻ ഹിറ്റായിരുന്നു.
ഇപ്പോൾ ഒടിടിയിൽ ചിത്രം റിലീസ് ചെയ്തപ്പോഴാണ് പേരിലെ കൗതുകം ചർച്ചയാകുന്നത്.
ധുരന്ധർ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെ സ്ഥാനത്താണ് രാഹുൽ ഗാന്ധി എന്ന പേര് നൽകിയിരിക്കുന്നത് പലരുടെയും ശ്രദ്ധയിൽ പതിഞ്ഞത്. കോൺഗ്രസ് നേതാവ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ സുപരിചിതനായ രാഹുൽ ഗാന്ധി തന്നെയാണോ അതെന്നായിരുന്നു പ്രേക്ഷകർ തിരഞ്ഞത്.
കോൺഗ്രസ് നേതാവായ രാഹുലിന് ധുരന്ധറുമായി എന്താണ് ബന്ധമെന്നായിരുന്നു അവരുടെ ചോദ്യങ്ങൾ.
എന്നാൽ സിനിമയുടെ ക്രെഡിറ്റിൽ പേര് പരാമർശിച്ചിട്ടുള്ള രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവല്ലെന്നും മറിച്ച് നിരവധി വിജയ ചിത്രങ്ങളുടെ നിർമാതാവായ വ്യക്തിയാണെന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ദ ഫാമിലി മാൻ, റോക്കറ്റ് ബോയ്സ്, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളുടെയും ഏതാനും പരമ്പരകളുടെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ധുരന്ധറിന്റെയും ഭാഗമായ ഈ രാഹുൽ ഗാന്ധി.
ഏതായാലും ചർച്ചകളിൽ ഇപ്പോൾ നിറഞ്ഞിരിക്കുകയാണ് രണ്ട് രാഹുൽ ഗാന്ധിമാരും.