ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഹോം ഓഫീസ് പുതിയ ‘ഏൺഡ് സെറ്റിൽമെന്റ്’ നയം പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി 2025 മേയ്ക്കു മുൻപ് ബ്രിട്ടനിലേക്ക് കെയറർ വീസയിൽ എത്തിയ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി (പിആർ) ലഭിക്കാൻ ഇനി അഞ്ച് വർഷം മതിയാകും. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പടെയുള്ള കുടിയേറ്റക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
2025 മേയിൽ സർക്കാർ പ്രഖ്യാപിച്ച ഇമിഗ്രേഷൻ വൈറ്റ് പേപ്പറിന് മുമ്പുതന്നെ യുകെയിൽ എത്തിയതോ അല്ലെങ്കിൽ ആ തീയതിക്കു മുമ്പ് അംഗീകൃത റൂട്ടുകളിൽനിന്നും കെയറർ വീസയിലേക്ക് മാറിയതോ ആയ ജീവനക്കാർക്കാണ് പി ആർ ലഭിക്കാൻ ഈ ആനുകൂല്യം ലഭ്യമാകുക.
എന്നാൽ, ഇതിനായി അവർ 25,000 പൗണ്ട് വാർഷിക ശമ്പളപരിധിയും കർശനമായ സ്പോൺസർഷിപ്പ് വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. അഞ്ചു വർഷത്തിനുശേഷം ഈ നിബന്ധനകളിൽ കുറവുകൾ ഉണ്ടായാൽ ഉടൻതന്നെ വീസ നിരസിക്കില്ല, പകരം മറ്റൊരു അഞ്ചു വർഷത്തേക്ക് ഹെൽത്ത് ആൻഡ് കെയർ വീസ നീട്ടിക്കൊടുക്കുമെന്നും ആകെ 10 വർഷമാകുമ്പോൾ സ്ഥിരതാമസത്തിന് അർഹത നേടാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.