International
വാഷിംഗ്ടൺ ഡിസി: ആർട്ടെമിസ്-2 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. തെക്കൻ കാലിഫോർണിയയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലാണ് പേടകം വീണത്. നാല് ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്.
ഏപ്രിൽ ഒന്നിനാണ് ദൗത്യം ആരംഭിച്ചത്. 10 ദിവസങ്ങൾക്ക് സംഘം ശേഷമാണ് മടങ്ങിയെത്തുന്നത്. യാത്രികരെ സ്വീകരിക്കാൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പേടകത്തിന്റെ ഹാച്ച് തുറന്ന് മെഡിക്കൽ ഓഫിസർമാർ ആദ്യം അകത്തു കടക്കും. യാത്രികരുടെ ആരോഗ്യം വിലയിരുത്തിയശേഷം ഓരോ അംഗങ്ങളെയായാണ് പുറത്തേക്കു കൊണ്ടുവരിക.
പേടകം വടം വച്ചു വലിച്ചുകെട്ടി കപ്പലിലേക്കു കൊണ്ടുപോകുകയല്ല ഇത്തവണ ചെയ്യുന്നത്. പേടകത്തിന്റെ ഹാച്ച് തുറന്ന് ഓരോരുത്തരെയായി ഹെലിക്കോപ്റ്റർ വഴി യുഎസ്എസ് ജോൺ പി. മർത്തയിലേക്ക് എത്തിക്കും.
International
വാഷിംഗ്ടൺ: ചന്ദ്രനെ വലംവെക്കാനുള്ള ചരിത്രപരമായ യാത്രയ്ക്കിടെ ആർട്ടെമിസ് 2 ദൗത്യത്തിലെ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ മനോഹരമായ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശത്തിന്റെ അഗാധമായ കറുപ്പിൽ ഒരു നീല മാണിക്യം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം ഏപ്രിൽ മൂന്നിനാണ് നാസ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചത്.
നാസയുടെ ഓറിയോൺ പേടകത്തിൽ നിന്നാണ് ഈ ചിത്രം പകർത്തിയത്. ഏപ്രിൽ രണ്ടിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കാനുള്ള നിർണായകമായ എൻജിൻ ബേൺ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സഞ്ചാരികൾ ഈ ദൃശ്യം കണ്ടത്.
1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തുന്ന ആദ്യ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നീ നാല് സഞ്ചാരികളാണ് പേടകത്തിലുള്ളത്. ആർട്ടെമിസ് 2 ചന്ദ്രനിൽ ഇറങ്ങില്ല, പകരം ചന്ദ്രനെ വലംവെച്ച് 10-ാം ദിവസം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിനുള്ള മുന്നൊരുക്കമാണിത്.
SUNDAY DEEPIKA
അങ്ങനെ ആ ആശങ്ക ഒഴിഞ്ഞു..! 2032ല് ചന്ദ്രനുമായി കൂട്ടിയിടിക്കുമെന്ന് ആശങ്ക പരത്തിയ "2024 YR4' എന്ന ഛിന്നഗ്രഹം ചന്ദ്രനെ തൊടുകപോലും ചെയ്യില്ലെന്ന് നാസ അറിയിച്ചു. ജയിംസ് വെബ് ബഹിരാകാശ ദൂരദര്ശിനി ഉപയോഗിച്ച് നടത്തിയ ഏറ്റവും പുതിയ നിരീക്ഷണങ്ങളിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം നാസയിലെ ശാസ്ത്രജ്ഞര് കൃത്യമായി നിര്ണയിച്ചത്.
2024 അവസാനത്തോടെയാണ് നാസ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബര് 22ന് ഇതു ഭൂമിയില് പതിക്കാന് സാധ്യതയുണ്ടെന്ന് ഗവേഷകര് അഭിപ്രായപ്പെട്ടിരുന്നു. 2025 ഫെബ്രുവരിയിലെ ശാസ്ത്രജ്ഞരുടെ ഈ അനുമാനം വലിയ ആശങ്കയ്ക്കിടയാക്കി. തുടര്ന്ന്, വിശദമായ പഠനങ്ങളില് ഏര്പ്പെട്ട നാസ, ഛിന്നഗ്രഹം ഭൂമിക്കു ഭീഷണിയല്ലെന്നു വിലയിരുത്തി. ഭൂമിയില് ഇടിച്ചില്ലെങ്കിലും ഇത് ചന്ദ്രനില് ഇടിക്കാന് സാധ്യതയുണ്ടെന്നു പിന്നീട് നാസ സംശയം പ്രകടിപ്പിച്ചു. ഇതും വലിയ ആശങ്കയായിരുന്നു.
ജയിംസ് വെബിന്റെ കണ്ടെത്തല്
ഭൂമിയില്നിന്നും ബഹിരാകാശനിലയത്തില്നിന്നും ദൃശ്യമാകാത്തത്ര അകലെയായിരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്താന് ജയിംസ് വെബ് ദൂരദര്ശിനി മാത്രമായിരുന്നു ഏക പോംവഴി. 280 ദശലക്ഷം മൈല് അകലെവച്ചാണ് ഇതിനെ നിരീക്ഷിച്ചത്. ഇത്രയും കുറഞ്ഞ വെളിച്ചമുള്ള ഒരു സൗരയൂഥ വസ്തുവിനെ നിരീക്ഷിക്കുന്നത് ചരിത്രത്തില്തന്നെ ആദ്യമാണെന്ന് ജോണ്സ് ഹോപ്കിന്സ് അപ്ലൈഡ് ഫിസിക്സ് ലാബിലെ പ്ലാനറ്ററി അസ്ട്രോണമര് ആന്ഡി റിവ്കിന് പറഞ്ഞു.
13,200 മൈല് അകലം
ഫെബ്രുവരിയില് നടത്തിയ നിരീക്ഷണങ്ങള്ക്കൊടുവില്, ഛിന്നഗ്രഹം ചന്ദ്രനില് ഇടിക്കാനുള്ള സാധ്യത പൂര്ണമായും ഇല്ലെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്ഷന് ലബോറട്ടറി സ്ഥിരീകരിച്ചു. ചന്ദ്രനില്നിന്ന് ഏകദേശം 13,200 മൈല് അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെന്നാണ് നിലവില് ശാസ്ത്രജ്ഞര് കണക്കുകൂട്ടുന്നത്.
15നില കെട്ടിടത്തിന്റെ വലിപ്പം
2024 ഡിസംബര് അവസാനത്തോടെ ചിലിയിലെ നാസയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്ന "ആസ്റ്ററോയിഡ് ടെറസ്ട്രിയല്-ഇംപാക്റ്റ് ലാസ്റ്റ് അലര്ട്ട് സിസ്റ്റം' (ATLAS) ആണ് ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടക്കുന്ന ചിന്നഗ്രഹത്തിന് ഏകദേശം 174 മുതല് 220 അടി വരെ (53-67 മീറ്റര്) വ്യാസമുണ്ട്. അതായത്, ഒരു 15 നില കെട്ടിടത്തിന്റെ വലിപ്പം..!
Kerala
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്തു ഭൂമി കൈമാറ്റച്ചെലവ് മൂന്നിരട്ടി വരെ ഉയർന്നു. ഭൂമി കൈമാറ്റത്തിനായി സർക്കാരിലേക്കു നൽകേണ്ട തുക മാത്രം ഭൂമിയുടെ വിലയുടെ 10 ശതമാനമാണ്. മറ്റു ചെലവുകൾ വേറെയും.
എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തുന്പോൾ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി സർക്കാരിലേക്ക് നൽകേണ്ടിയിരുന്നത് അഞ്ചു ശതമാനം തുക മാത്രമായിരുന്നു. ഇതാണ് പല ഘട്ടങ്ങളിലായി വർധിപ്പിച്ചത്.
ഭൂമിയുടെ ന്യായവില രണ്ടു തവണ ഉയർത്തി. കൂടാതെ ദേശീയ പാത, സംസ്ഥാന പാത, പൊതുമരാമത്ത് റോഡ്, പഞ്ചായത്ത് റോഡ്, ഇടവഴി എന്നിങ്ങനെയാക്കി പല സ്ലാബുകളാക്കി പുനഃക്രമീകരിച്ചു. ഇതോടെ ന്യായവിലയിൽ വീണ്ടും വർധനയുണ്ടായി. 2023ൽ ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതു വഴി വീണ്ടും അഞ്ചു ശതമാനം അധിക തുക നൽകേണ്ട സാഹചര്യമായി.
ഭൂമി കൈമാറ്റത്തിലൂടെ 2016 കാലഘട്ടത്തിൽ 2500 കോടി രൂപയായിരുന്നു ഖജനാവിലേക്ക് എത്തിയിരുന്നതെങ്കിൽ 2021- 22 സാന്പത്തികവർഷം 4431 കോടിയായി ഉയർന്നു. ഇപ്പോഴത് 5300 കോടിയായി വർധിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഭൂമി കൈമാറ്റത്തിന്റെ അളവ് പൊതുവേ കുറഞ്ഞെങ്കിലും പലവിധത്തിലുള്ള വർധനകളിലൂടെ സർക്കാരിലേക്ക് എത്തേണ്ട തുകയിൽ വലിയ വർധന വരുത്താൻ സർക്കാരിനു കഴിഞ്ഞു.
അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭൂമി കൈമാറ്റത്തിന് ചെലവേറെയാണ്. ഇവിടെ രജിസ്ട്രേഷൻ ഫീസിനത്തിൽ മാത്രം രണ്ടു ശതമാനം തുകയാണ് ഈടാക്കുന്നത്.
തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ രജിസ്ട്രേഷൻ ഫീസായി ഒരു ശതമാനം തുക മാത്രമാണ് ഈടാക്കുന്നത്. സ്റ്റാംപ് ഡ്യൂട്ടിയായി കർണാടക രണ്ടു മുതൽ അഞ്ചു ശതമാനം വരെ ഈടാക്കുന്പോൾ, കേരളം ഇത് എട്ട് ശതമാനമാണ് ഈടാക്കുന്നത്.
SUNDAY DEEPIKA
മൂവായിരം വര്ഷംമുമ്പു ജീവിച്ചിരുന്ന മനുഷ്യര്ക്ക് ഉല്ക്കകളില്നിന്ന് ലോഹം വേര്തിരിച്ചെടുക്കാന് അറിയാമായിരുന്നോ? ഉണ്ടെന്നാണ് സ്പെയിനിലെ പുതിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നത്. സ്പെയിനിലെ അലികാന്റയില്നിന്ന് 1963ല് കണ്ടെത്തിയ വിഖ്യാതമായ "വില്ലേന നിധിശേഖര’ത്തിലെ (Treasure of Villena) രണ്ട് അപൂര്വവസ്തുക്കളാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്.
സ്വര്ണാഭരണങ്ങളും പാത്രങ്ങളും അടങ്ങുന്ന വില്ലേന നിധിശേഖരം യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെങ്കലയുഗ നിധികളിലൊന്നാണ്. എന്നാല് ഈ സ്വര്ണക്കൂമ്പാരത്തിനിടയില് കണ്ടെത്തിയ തുരുമ്പിച്ച ഒരു വളയും, ഒരു വാളിന്റെ പിടിയുടേതെന്നു സൂചിപ്പിക്കുന്ന പൊള്ളയായ അര്ധഗോളവുമാണ് ഗവേഷകരെ കുഴപ്പിച്ചത്. കാഴ്ചയില് ഇരുമ്പുപോലെ തോന്നിക്കുന്ന ഇവയുടെ കാലപ്പഴക്കം നിര്ണയിക്കുന്നതായിരുന്നു ഗവേഷകര് നേരിട്ട പ്രധാന വെല്ലുവിളി.
ഐബീരിയന് ഉപദ്വീപില് ഇരുമ്പ് യുഗം ആരംഭിക്കുന്നത് ബിസി 850നോട് അടുത്താണ്. എന്നാല് ഈ നിധിശേഖരമാകട്ടെ ബിസി 1500നും 1200നും ഇടയിലുള്ളതുമാണ്. ഭൂമിയില്നിന്ന് ഖനനം ചെയ്തെടുക്കുന്ന ഇരുമ്പ് ഉപയോഗിക്കാന് മനുഷ്യന് പഠിക്കുന്നതിനും നൂറ്റാണ്ടുകള്ക്കുമുന്പ് ഈ ഇരുമ്പുവസ്തുക്കള് എങ്ങനെ അവിടെ എത്തി എന്നതായിരുന്നു ചോദ്യം.
നിക്കല് സാന്നിധ്യം
സ്പെയിനിലെ നാഷണല് ആര്ക്കിയോളജിക്കല് മ്യൂസിയത്തിലെ മുന് കണ്സര്വേഷന് വിഭാഗം മേധാവി സാല്വഡോര് റോവിറലോറന്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിഗൂഢത അഴിച്ചത്. ഭൂമിയില്നിന്നു ലഭിക്കുന്ന ഇരുമ്പിനേക്കാള് നിക്കലിന്റെ അളവ് ഉല്ക്കകളില് നിന്നുള്ള ഇരുമ്പില് കൂടുതലായിരിക്കും.
മാസ് സ്പെക്ട്രോമെട്രി പരിശോധനയിലൂടെ ഈ വസ്തുക്കളിലെ നിക്കലിന്റെ അളവ് പരിശോധിച്ചപ്പോള്, അവ സാധാരണ ഇരുമ്പല്ലെന്നും ബഹിരാകാശത്തുനിന്നു ഭൂമിയില് പതിച്ച ഉല്ക്കകളില്നിന്ന് നിര്മിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. ഈജിപ്തിലെ തുതന്ഖാമുന് രാജാവിന്റെ കഠാരയും സമാനമായ രീതിയില് ഉല്ക്കയിലെ ഇരുമ്പുകൊണ്ടു നിര്മിച്ചതാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
വലിയ തിരുത്ത്
ഈ കണ്ടെത്തലോടെ വില്ലേന നിധിശേഖരത്തിന്റെ കാലഗണനയിലുള്ള അവ്യക്തത നീങ്ങിയിരിക്കുകയാണ്. ബിസി 1400നും 1200നും ഇടയില് തന്നെ ഇവ നിര്മിക്കപ്പെട്ടതാണെന്ന് ഇപ്പോള് സ്ഥിരീകരിക്കാം. ഐബീരിയന് ഉപദ്വീപില് ഉല്ക്കകളില്നിന്നുള്ള ഇരുമ്പ് ഉപയോഗിച്ച് നിര്മിച്ച ആദ്യത്തെ വസ്തുക്കളാണ് ഇവ. സാധാരണ രീതിയിലുള്ള ഇരുമ്പുത്പാദനം തുടങ്ങുന്നതിനും മുന്പുതന്നെ ഇവിടത്തെ മനുഷ്യര് ലോഹനിര്മാണത്തില് നൈപുണ്യം നേടിയിരുന്നു എന്നതിന്റെ തെളിവാണിതെന്നു ഗവേഷകര് തങ്ങളുടെ പഠനത്തില് വ്യക്തമാക്കുന്നു.
International
ന്യൂയോർക്ക്: കോടിക്കണക്കിനു വർഷങ്ങൾക്കിടയിൽ ഭൂമിയിലെ വൻകരകൾ തമ്മിൽ ചേരുകയും വേർപെടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ശാസ്ത്രലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്ക പതുക്കെ രണ്ടായി പിളരുകയാണെന്നും അവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടാൻ പോകുകയാണെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ആഫ്രിക്കൻ റിഫ്റ്റ്
കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമാകാരമായ വിള്ളലാണ് ഈ മാറ്റത്തിനു കാരണമെന്ന് ഗവേഷകർ. ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രക്രിയയിലൂടെ ആഫ്രിക്കയുടെ കിഴക്കൻ ഭാഗം (സൊമാലിയൻ പ്ലേറ്റ്), പ്രധാന ഭൂഖണ്ഡത്തിൽ (നുബിയൻ പ്ലേറ്റ്) നിന്ന് സാവധാനം അകലുകയാണ്. എത്യോപ്യ മുതൽ മൊസാംബിക് വരെ ഏകദേശം 3,500 കിലോമീറ്ററോളം നീളത്തിലാണ് ഈ വിള്ളൽ പടർന്നുകിടക്കുന്നത്.
ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തിന്റെ പ്രധാന കേന്ദ്രം എത്യോപ്യയിലെ അഫാർ മേഖലയാണ്. -ട്രിപ്പിൾ ജംഗ്ഷൻ- എന്നു വിളിക്കപ്പെടുന്ന ഇവിടെ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളാണ് (അറേബ്യൻ, നുബിയൻ, സൊമാലിയൻ) പരസ്പരം വേർപിരിയുന്നത്. നിലവിൽ ചെങ്കടലും ഏഡൻ ഉൾക്കടലും ഈ വിള്ളലുകളിലൂടെയാണ് രൂപപ്പെട്ടത്. ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ളിലേക്കും ഈ വിള്ളൽ വ്യാപിക്കുകയാണ്.
പുതിയ സമുദ്രം രൂപപ്പെടും
ഈ പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. ഏകദേശം ഒരു വർഷംകൊണ്ട് ഏതാനും മില്ലിമീറ്ററുകൾ മാത്രമാണ് പ്ലേറ്റുകൾ അകലുന്നത്. എന്നാൽ, കാലക്രമേണ ഭൂമിയുടെ പാളികൾ നേർത്തുവരികയും സമുദ്രനിരപ്പിന് താഴെയാവുകയും ചെയ്യും. ഈ വിള്ളലുകളിലേക്കു കടൽവെള്ളം ഇരച്ചുകയറുന്നതോടെ ആഫ്രിക്കയുടെ ഒരു ഭാഗം വലിയൊരു ദ്വീപായി മാറുകയും ഇടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുകയും ചെയ്യും. ലക്ഷക്കണക്കിനു വർഷങ്ങൾ കഴിയുമ്പോൾ, ഇന്നത്തെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂപടം പൂർണമായും മാറും.
മനുഷ്യനെ ബാധിക്കുമോ?
നമുക്കു പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെങ്കിലും ഈ മാറ്റം ഭൂമിക്കടിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്ലേറ്റുകൾ അകലുമ്പോൾ ഈ മേഖലയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്കു കാരണമായേക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒരു പുതിയ സമുദ്രം പൂർണമായി രൂപപ്പെടാൻ ഇനിയും ദശലക്ഷക്കണക്കിനു വർഷങ്ങൾ എടുത്തേക്കാം. നിലവിൽ വടക്കൻ മേഖലകളിലാണ് വിള്ളലിന്റെ വേഗം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രകൃതിയുടെ ഈ മഹാമാറ്റം വരും തലമുറകൾക്കു മുന്നിൽ ഒരു പുതിയ ലോകഭൂപടംതന്നെ തുറന്നിടും എന്നതിൽ സംശയമില്ല.
International
ലണ്ടൻ: ആകാശവിസ്മയം കാത്ത് ഗവേഷകർ; 3I/ATLAS വാൽനക്ഷത്രം 19ന് ഭൂമിയുടെ അടുത്തെത്തും. ആകാശത്തെ മഹാസംഭവം നിരീക്ഷിക്കാനുള്ള തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു ശാസ്ത്രലോകം. അത്യപൂർവമായ ഒരു വാൽനക്ഷത്രം ഭൂമിക്കരികിലൂടെ പറക്കും. 3I/ATLAS എന്നു പേരിട്ടരിക്കുന്ന ധൂമകേതുവിന്റെ യാത്ര സുരക്ഷിതമാണെന്നും ഭൂമിയെ ഇതു ബാധിക്കില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) യുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 1.8 ആസ്ട്രോണമിക്കൽ യൂണിറ്റ് (ഏകദേശം 270 ദശലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 168 ദശലക്ഷം മൈൽ) അകലെയായിരിക്കും വാൽനക്ഷത്രം കടന്നുപോകുക.
ചിലിയിൽ നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ATLAS ടെലിസ്കോപ്പ് ആണ് 2023 ജൂലൈ ഒന്നിനു വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2017ൽ 1I/Oumuamua, 2019-ൽ 2I/Borisov നും ശേഷം നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ സ്ഥിരീകരിച്ച ഇന്റർസ്റ്റെല്ലാർ വസ്തുവാണിത്. നമ്മുടെ സൗരയൂഥത്തിന് അപ്പുറത്തുനിന്നാണ് വന്നതെന്നും ബഹിരാകാശത്തേക്കു തിരികെ പോകുമെന്നും സ്പേസ് ഏജൻസി സ്ഥിരീകരിക്കുന്നു.
നേരിട്ടു കാണാൻ കഴിയില്ല
കൗതുകരമായ നിരവധി വിവരങ്ങൾ ധൂമകേതുവിനെക്കുറിച്ചു ഗവേഷകർ പങ്കുവയ്ക്കുന്നു. ഭൂമിയോട് അടുക്കുന്പോൾ നക്ഷത്രാന്തര വസ്തുവിനു പച്ച നിറമാകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ജെമിനി നോർത്ത് ടെലിസ്കോപ്പ് പകർത്തിയ ചിത്രത്തിൽനിന്നാണ് ധൂകേതു പച്ചനിറം പ്രാപിക്കുന്നതു കണ്ടെത്തിയത്. നഗ്നനേത്രങ്ങൾക്ക് ഈ ധൂമകേതു ദൃശ്യമാകില്ല.
ഭൂമിക്കു ഭീഷണി സൃഷ്ടിക്കുന്നതുമല്ലെന്നും ഗവേഷകർ പറയുന്നു. നമ്മൂടെ സൗരയുഥത്തിലൂടെ കടന്നുപോകുമ്പോൾ, സൂര്യതാപമേൽക്കുന്നതിനാൽ മഞ്ഞുമൂടിയ കാമ്പിൽനിന്നു പുറന്തള്ളുന്ന പൊടിയും വാതകങ്ങളും സൂക്ഷ്മമായി പഠിക്കാൻ ശസാത്രജ്ഞർക്കു വലിയ അവസരമാണ് ലഭിക്കുന്നത്. ഇതു നമ്മുടെ സ്വന്തം ഗ്രഹവ്യവസ്ഥയ്ക്കു പുറത്തുള്ള ഗ്രഹങ്ങളുടെ ഘടനയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകിയേക്കാം.
ഹബിൾ ബഹിരാകാശ ദൂരദർശിനി (Hubble Space Telescope) യും ജൂപ്പിറ്റർ ദൗത്യ (JUICE Jupiter mission) വും അടുത്തിടെ വാൽനക്ഷത്രത്തിന്റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരുന്നു. ഡിസംബർ 18ന് രാത്രി 11 മുതൽ 19, പുലർച്ചെ നാലുവരെ വെർ്വൽ ടെലിസ്കോപ്പ് പ്രോജക്റ്റ് ഹോസ്റ്റ് ചെയ്യുന്ന സൗജന്യ ലൈവ് സ്ട്രീം വഴി ധൂമകേതുവിനെ നിരീക്ഷിക്കാം.
International
ബീജിംഗ്: ബഹിരാകാശ വാഹനം തകരാറിലായതോടെ ചൈനയുടെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയിൽ മടങ്ങിയെത്തി. ഈ മാസം അഞ്ചിനായിരുന്നു ഇവർ മടങ്ങേണ്ടിയിരുന്നത്.
ബഹിരാകാശ മാലിന്യങ്ങളിൽ തട്ടി ഇവരുടെ വാഹനമായ ‘ഷെൻഷോ-20’ കേടായതിനെത്തുടർന്നാണു യാത്ര നീണ്ടത്. പിന്നീട് ‘ഷെൻഷോ-21’ ൽ ആയിരുന്നു ഇവരുടെ മടക്കം.
ആറ് മാസം കൂടുമ്പോൾ പുതിയ ശാസ്ത്രജ്ഞരെ നിലയത്തിൽ എത്തിക്കുകയാണ് ചൈനയുടെ രീതി. ഇതനുസരിച്ച് പുതിയ സംഘം ഈ മാസം ഒന്നിന് നിലയത്തിൽ എത്തിയിരുന്നു.