പത്തനംതിട്ട: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷേകേക്കില് നടന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള നാലാമത് ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി പെണ്‍കുട്ടി ഷാരോണ്‍ റേച്ചല്‍ എബി മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടി നാടിന് അഭിമാനമായി.
ചെന്നൈയില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറന്‍സ് കമ്പനി കീ അക്കൗണ്ട്സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല കിഴക്കന്‍ മുത്തൂര്‍ റ്റോബീസ് ഭവനില്‍ എബി മാത്യു (സാബു) വിന്റെയും ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല അമിച്ചകരി മോഴിച്ചേരില് കുടുംബാംഗം എം. സി. മാമ്മന്റെ ഏകമകള്‍ റേച്ചല്‍ മാമ്മന്‍ എബി(റോസിലി)യുടെയും മകളായ ഷാരോണ്‍ റേച്ചല്‍ എബി ഇരുപതു വയസില്‍ താഴെയുള്ള വനിതകളുടെ വിഭാഗത്തില്‍ റാപ്പിഡ്, ബ്ലിറ്റ്സ്, ക്ളാസിക്കല്‍ എന്നീ വിഭാഗങ്ങളിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിതയായി വീല്‍ചെയറില്‍ കഴിയുന്ന ഷാരോണ്‍ ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയിട്ടുണ്ട്.
ചെറുപ്രായത്തില്‍ തന്നെ ചെസിനോടുള്ള ഷാരോണിന്റെ അതിയായ താത്പര്യം മനസിലാക്കിയ മാതാപിതാക്കളാണ് ഷാരോണ്‍ പ്രാഥമിക പരിശീലനം നല്‍കിയത്. ഷോണ്‍ ഏകസഹോദരനാണ്. ചെസ് കരിയറിലെ പരമോന്നത നേട്ടമായ ഫിഡെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആകണമെന്ന സ്വപ്നമാണ് ഷാരോണിനുള്ളത്.