കല്‍പ്പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുക്തമായി ഡിസംബര്‍ 10 മുതല്‍ 12 വരെ പൂക്കോട് സംഘടിപ്പിക്കുന്ന മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026ല്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നടക്കം 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
ഹിമാലയം.ആരവല്ലി, വിന്ധ്യസത്പുര,നോര്‍ത്ത് ഈസ്റ്റ്, പശ്ചി--മഘട്ടം, കസാക്കിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ മലനിരകളില്നിന്നുള്ളവരും സമ്മേളനത്തിനെത്തുമെന്നാണ് കരുതുന്നതെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മലയോര സമൂഹങ്ങള്‍, തദ്ദേശീയ അറിവിന്റെ ഉടമകള്‍, യുവജനങ്ങള്‍ എന്നിവരെ ഒരേ വേദയിലെത്തിച്ച് വിവിധ മലനിരകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും സുസ്ഥിര വികസനത്തിനു സാധ്യതകള്‍ കണ്ടെത്തുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും, സംസ്കാരവും തദ്ദേശീയ അറിവുകളും, ഉപജീവനവും സമ്പദ്വ്യവസ്ഥയും, കൃഷി, ദുരന്തങ്ങളും അതിജീവനശേഷിയും, വിനോദസഞ്ചാരം, ജലം തുടങ്ങിയവ കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്കാരം, ഉപജീവനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് രാജ്യത്ത് ആദ്യമായാണ് മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.