Business
കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിക്കൊണ്ട് നിഷ്പക്ഷ നിലപാട് തുടരാനുള്ള ആര്‍ബിഐയുടെ തീരുമാനം, അനുകൂലമായ പണപ്പെരുപ്പ പ്രതീക്ഷയിലും സ്ഥിരതയുള്ള സാമ്പത്തിക വളര്‍ച്ചയിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജിഎം ആന്‍ഡ് സിഎഫ്ഒ വിനോദ് ഫ്രാന്‍സിസ് പറഞ്ഞു.
2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയിലെ ഉയര്‍ന്ന പരിഷ്കരണവും ബാങ്കുകളുടെ സിസ്റ്റം-ലെവല്‍ പാരാമീറ്ററുകള്‍ മികച്ചതായി തുടരുന്നു എന്ന ആര്‍ബിഐയുടെ വിലയിരുത്തലും സുസ്ഥിരമായ സാമ്പത്തിക വികാസത്തെ പിന്തുണയ്ക്കാനുള്ള മേഖലയുടെ കഴിവിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു.
ബാങ്കുകളെ സംബന്ധിച്ചിടത്തോളം, നിരക്കുകളിൽ സ്ഥിരതയുള്ള സാഹചര്യം നയനടപടികളുടെ ഫലപ്രദമായ കൈമാറ്റം സാധ്യമാക്കുന്നു. കൂടാതെ അച്ചടക്കമുള്ള ബാലന്‍സ് ഷീറ്റ് മാനേജ്മെന്റ്, പ്രധാന വിഭാഗങ്ങളിലുടനീളം കാലിബ്രേറ്റ് ചെയ്ത ക്രെഡിറ്റ് വളര്‍ച്ച എന്നിവയും പ്രാപ്തമാക്കുന്നു.
കിസാൻ ക്രെഡിറ്റ് കാർഡുകൾക്കായി നിർദേശിച്ചിട്ടുള്ള പുതിയ മാർഗനിർദേശങ്ങളും എംഎസ്എംഇ, ഗ്രാമീണ വായ്പാ മേഖലകൾക്ക് നൽകുന്ന ഊന്നലും ഈ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്കുകൾക്ക് ഗുണകരമാണ്.
വായ്പാ ഗുണനിലവാരവും മൂലധന ശക്തിയും നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് വായ്പാ സേവനങ്ങൾ എത്തിക്കാൻ ഇത് ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Business
ന്യൂഡൽഹി: ആഗോള സാന്പത്തിക വളർച്ച മന്ദഗതിയിലാകുന്പോഴും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവനയങ്ങൾ സാന്പത്തികസാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാകുന്പോഴും 2025-26 സാന്പത്തിക വർഷം ഇന്ത്യ 7.4 ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പ്രവചനം. ഏഷ്യയിലെ മൂന്നാമത്തെ സാന്പത്തിക ശക്തിയായ രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ഈ പ്രവചനം.
ഈ അനുമാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വളർച്ചാ പ്രതീക്ഷയായ 7.3 ശതമാനത്തെ മറികടക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ 6.5 ശതമാനം വളർച്ചയെയും പിന്നിലാക്കുന്നതാണ് പുതിയ പ്രവചനം. നടപ്പു സാന്പത്തികവർഷം നോമിനൽ ജിഡിപി എട്ടു ശതമാനം വളർച്ചപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 9.7 ശതമാനമായിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിലായിക്കും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്.
2023-24ൽ 9.2 ശതമാനം, 2024-25ൽ 6.5 ശതമാനം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടു സാന്പത്തിക വർഷത്തെ രാജ്യത്തിന്റെ സാന്പത്തികവളർച്ച. ഇതിൽ 2023-24ലാണ് വലിയ മുന്നേറ്റമുണ്ടായ വർഷം. 2024-25ൽ വളർച്ചയിൽ ഇടിവുണ്ടായെങ്കിലും നടപ്പുസാന്പത്തിക വർഷം ഇതു മറികടക്കുമെന്നാണ് അനുമാനം.
2021 സാന്പത്തിക വർഷത്തിലെ കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാന്പത്തിക തളർച്ചയ്ക്കുശേഷം 2025 സാന്പത്തിക വർഷം വരെ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ ശരാശരി 8.2 ശതമാനം വളർച്ചയാണ് നേടിയത്.
ഉത്പാദന, സേവന മേഖലകളിലെ ശക്തമായ വളർച്ച, ആരോഗ്യകരമായ ഗാർഹിക ചെലവ്, സർക്കാർ കൃത്യമായ ലക്ഷ്യങ്ങളോടെ നടത്തുന്ന ചെലവിടീൽ, സ്ഥിര ആസ്തികളിലെ മികച്ച നിക്ഷേപങ്ങൾ തുടങ്ങിയവയുമാണ് സാന്പത്തിക വളർച്ചയ്ക്കു കാരണമാകുന്നവ. വ്യവസായ ഉത്പാദനത്തിലെ വർധന, മെച്ചപ്പെട്ട വായ്പ ലഭ്യത, വിപണിയിൽ നടപ്പിലാക്കുന്ന ആഴത്തിലുള്ള പരിഷ്കാരങ്ങൾ എന്നിവയും രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.
2026 സാന്പത്തികവർഷം റിയൽ ഗ്രോസ് വാല്യൂ ആഡഡ് (ജിവിഎ) 7.3 ശതമാനം വളർച്ചയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷമിത് 6.4 ശതമാനമായിരുന്നു. എന്നാൽ, ഇതിനു വിപരീതമായി നോമിനൽ ജിവിഎ കഴിഞ്ഞ വർഷത്തേക്കാൾ (9.3%) കുറഞ്ഞ് 7.7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.
മേഖലാ പ്രതീക്ഷകൾ
പുതിയ കണക്കുകൾ പ്രകാരം ഉത്പാദന മേഖലയിൽ 2026 സാന്പത്തികവർഷം ഏഴു ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം മുന്‍പ് ഇത് 4.5 ശതമാനമായിരുന്നു. നിർമാണ മേഖല കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 9.4 ശതമാനത്തേക്കാൾ താഴ്ന്ന് ഈ സാന്പത്തികവർഷം ഏഴു ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ദ്വിതീയമേഖലയിലെ നിർമാണ, ഉത്പാദന മേഖല സ്ഥിരവിലയിൽ ഏഴു ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
സേവനമേഖലയിൽ മുൻ വർഷത്തെ 7.2 ശതമാനം വളർച്ചയെക്കാൾ നടപ്പു സാന്പത്തിക വർഷം 9.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സാന്പത്തികവ്യവസ്ഥയിലെ ഏറ്റവും വലിയ ചാലക ശക്തിയാണ് ഗാർഹിക ചെലവാക്കൽ. ഇത്തവണ കഴിഞ്ഞ വർഷത്തെ വളർച്ചയേക്കാൾ (7.2%) നേരിയ കുറവുണ്ടാകുമെങ്കിലും ഏഴു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കാർഷിക അനുബന്ധ മേഖലയിൽ 3.1 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്.
മെഷീനറി, ഫാക്ടറികൾ, കെട്ടിടങ്ങൾ തുടങ്ങിയ സ്ഥിര ആസ്തികളിൽ നടപ്പുസാന്പത്തികവർഷം 7.8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമിത് 7.1 ശതമാനമായിരുന്നു. സർക്കാരിന്റെ ചെലവിടീൽ മുൻ വർഷം രേഖപ്പെടുത്തിയ 2.3 ശതമാനം വളർച്ചയേക്കാൾ ഈ വർഷം 5.2 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്.