ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി രൂപവത്കരിച്ച ദിനത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം എന്‍എസ്എസ് പതാകദിനം ആചരിച്ചു. മന്നം സമാധിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പതാക ഉയര്‍ത്തി.
സംഘടന രൂപവത്കരിച്ച അവസരത്തില്‍ സമുദായാചാര്യനും മറ്റ് 13 പേരും ചേര്‍ന്നെടുത്ത പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.
ജാതിസംവരണമല്ല, സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടതെന്നും പിന്നാക്കക്കാരിലെ സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ജാതിസംവരണം മൂലം മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ എല്ലാവരും അവഗണിക്കുകയാണ്. ഇതിന് മാറ്റം വരണം. മന്നത്ത് പത്മനാഭന് മുമ്പ് ഇതുതന്നെയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.