മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ദൈനംദിന ചെലവുകൾക്ക് പ്രതിവർഷം 1.22 കോടി രൂപയെങ്കിലും ആവശ്യമാണെന്നിരിക്കെ ജനറൽ പർപ്പസ് ഫണ്ടുതന്നെ 87,700 രൂപയാക്കി സർക്കാർ വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്.
തനത് വരുമാനമാർഗങ്ങളൊന്നുമില്ലാത്ത ഇടമലക്കുടി പഞ്ചായത്ത് പൂർണമായും സർക്കാർ ഗ്രാന്റുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ പർപ്പസ് ഫണ്ട് വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആറുമാസമായി പഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും മുടങ്ങിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും പൂർണമായും സ്തംഭിച്ച അവസ്ഥയിലുമാണ്.
പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും ജനറൽ പർപ്പസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നുമുള്ള പഞ്ചായത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ചുനിൽക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിലപാട് ഗോത്രവർഗ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് പൂട്ടിയത് പ്രതിഷേധാര്‍ഹം
തൊടുപുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പ്രഞ്ചായത്ത് ഓഫീസ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അടച്ചു പൂട്ടിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി.
ആറുമാസത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളവും പഞ്ചായത്തംഗങ്ങള്‍ക്ക് ഓണറേറിയവും മുടങ്ങിയ സംഭവം സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്. പതിനാല് വാര്‍ഡുകളായി 2236 ജനസംഖ്യയുള്ള ഇടമലക്കുടിയിലെ ആദിവാസി ഗ്രോത്ര സമുദായത്തിന്റെ ഏക ആശ്രയമായ സര്‍ക്കാര്‍ ഓഫീസ് അടഞ്ഞതോടെ ആദിവാസി സമൂഹം വളരെയധികം ബുദ്ധിമുട്ടിലാവുന്ന സ്ഥിതിയാണുളളത്. തനത് ഫണ്ടില്ലാതെ പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന പഞ്ചായത്തിന്റെ ജനകീയാസൂത്രണവും മറ്റ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഇതോടെ നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിലപാട് ജീവനക്കാരോടും ആദിവാസി സമൂഹത്തോടും കാണിക്കുന്ന അവഗണനയുടെ സൂചനയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ. ജിന്‍സ്, ജില്ലാ സെക്രട്ടറി ആര്. ബിജുമോന് എന്നിവര്‍ പറഞ്ഞു.