തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും ടെലഗ്രാഫ് മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന് പാസ്പോർട്ട് പുതുക്കി ലഭിച്ചു. പാസ്പോർട്ട് ലഭിച്ച വിവരം അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് പാസ്പോർട്ട് പുതുക്കി നൽകുന്നത് തടസപ്പെട്ടിരുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ മുഖ്യമന്ത്രി ഇടപെടുകയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് അടിയന്തരമായി കത്തയക്കുകയും ചെയ്തിരുന്നു. കത്ത് ലഭിച്ച അന്നുതന്നെ പാസ്പോർട്ട് പുതുക്കി നൽകുന്നതിനുള്ള നടപടികൾ പശ്ചിമ ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന് പാസ്പോർട്ട് ലഭിച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രിയും പങ്കുവെക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.