തൊടുപുഴ: മൂലമറ്റം സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജും സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആന്‍ഡ് റിസർച്ചും ചേർന്ന് ട്രിയോണ്സ-2കെ26 എന്ന പേരിൽ ദേശീയ വിദ്യാഭ്യാസ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മാനേജർ റവ.ഡോ. തോമസ് പുതുശേരി സിഎംഐ പത്രസമ്മേളനത്തിൽ അറിയിച്ചു.
16ന് രാവിലെ ഒന്പതിനു മന്ത്രി റോഷി അഗസ്റ്റിൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മാനേജർ റവ.ഡോ. തോമസ് പുതുശേരി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, പഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ, ബർസാർ ഫാ. ബോബിൻ കുമരേട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, ഡോ. തോംസണ്‍ ജോസഫ് എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിനു ശേഷം എഡ്യൂക്കേഷൻ എക്സ്പോ നടക്കും.
ഐഎസ്ആർഒ ജില്ലാപോലീസ് സേനയുടെ ഡോഗ് സ്ക്വാഡ്, ഹ്യൂമൻ അനാട്ടമി, ഭക്ഷ്യസുരക്ഷ, ഇന്ത്യൻ ആർമിയുടെ ആയുധങ്ങൾ, ഫോറൻസിക് പ്രദർശനം, നേവിയുടെ ഷിപ്പ് മോഡലുകൾ, റോബോട്ടിക്സ്, കെമി മാജിക്, ഹെറിറ്റേജ് എക്സിബിഷൻ, അസ്ട്രോ ടെലസ്കോപ്പ് വ്യൂ, കരകൗശല പ്രദർശനം, ഫയർഫോഴ്സ് സ്റ്റാൾ എന്നിവ എക്സ്പോയിലുണ്ടാകും.
രണ്ടു ദിവസവും തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രി പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാന്പും നടത്തും.16നു കോളജ് വിദ്യാർഥികൾക്കും 17നു സ്കൂൾ വിദ്യാർഥികൾക്കുമായി രണ്ടര ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സ്പോട്ട് ഡാൻസ്, ഫാഷൻ ഷോ, ക്വിസ്, ഫണ്‍ ഗെയിംസ്, ഫോട്ടോ ഗ്രഫി, ഫുട്ബോൾ ത്രീസ് എന്നീ മൽസരങ്ങളും നടത്തും. വൈകുന്നേരം ആറുമുതൽ വിദ്യാർഥികളും പൂർവവിദ്യാർഥികളും ചേർന്ന് സാംസ്കാരിക സന്ധ്യ നടത്തും. 17ന് ഉച്ചകഴിഞ്ഞ് 2.30നു പൂർവവിദ്യാർഥി സംഗമം. വൈകുന്നേരം ആറിന് പ്രശസ്ത ഗായകൻ വിധുപ്രതാപ് നയിക്കുന്ന മെഗാ മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.
ഇതിനു മുന്നോടിയായി ഇന്നുച്ചകഴിഞ്ഞ് മൂന്നിന് മുട്ടം മുതൽ കോളജ് കാന്പസ് വരെ നടക്കുന്ന ക്രോസ് കണ്ട്രി മാരത്തണ്‍ തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ ഏഴിന് വടംവലി മൽസരം നടക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസണ്‍ ജോസഫ്, ബർസാർ ഫാ. ബോബിൻ കുമരേട്ട്, കോ-ഓർഡിനേറ്റർ സുനിത മാത്യു, ആൽബിൻ കല്ലക്കാവുങ്കൽ, ജിയോ കുര്യൻ, അജിത് ജോയി എന്നിവർ പങ്കെടുത്തു.