ആസാമിലെ ചരൈഡിയോ ജില്ലയിലുള്ള മതുരാപൂർ ബഗിച്ച സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകൻ കൊച്ചുകുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ പരിശോധിച്ചപ്പോഴാണ് 51-കാരനായ മുഹമ്മദ് ആരിഫുൾ ഇസ്ലാം എന്ന അധ്യാപകന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാരും രക്ഷിതാക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
പതിവ് ക്ലാസ് സമയങ്ങളിൽ വിദ്യാർഥികളെ ഇയാൾ ക്രൂരമായി തല്ലുന്നതും ശാരീരികമായി പീഡിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു കുട്ടിയെ ക്ലാസ് മുറിയിലെ ജനാലയിലൂടെ പുറത്തേക്ക് തള്ളാൻ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങളും ഇതിലുണ്ട്.
കൂടാതെ, പഠിപ്പിക്കേണ്ട സമയത്ത് കുട്ടികളെക്കൊണ്ട് തന്റെ ശരീരം മസാജ് ചെയ്യിക്കുന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും അധ്യാപകനെതിരെ ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ മതുരാപൂർ തിനിയാലി സ്വദേശിയായ ആരിഫുൾ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
അസം ടീ ട്രൈബ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ അധ്യാപകനെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു.
നിലവിൽ ശിശു സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി വരുന്നു.