ലക്നോവിലെ എ.എൽ.എസ് അക്കാദമിയിൽ നഴ്സറി വിദ്യാർഥിക്ക് സഹപാഠിയായ ക്ലാസ് മോണിറ്ററിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ മർദ്ദനം വലിയ ചർച്ചയാകുന്നു. അധ്യാപിക ക്ലാസിൽ ഇല്ലാത്ത സമയത്ത് കുട്ടികളെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ വിദ്യാർഥിനി, അഞ്ചു വയസുകാരനെ മർദ്ദിക്കുകയായിരുന്നു.
തല ഉയർത്തി നോക്കിയെന്നാരോപിച്ച് കുട്ടിയെ മുഖത്തടിക്കുകയും, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വലിച്ചിഴച്ച് ക്ലാസ് മുറിയിൽ വച്ച് ആക്രമിക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടിയുടെ മുഖത്തെ മുറിവുകൾ കണ്ട രക്ഷിതാക്കൾ സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ, മർദ്ദനം നടത്തിയ വിദ്യാർഥിനിയെ സ്കൂൾ അധികൃതർ പുറത്താക്കി. ക്ലാസ് മുറികളിലെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.