കൊല്ലം: കോഴിമുട്ടയുടെയും താറാമുട്ടയുടെയും വില കുതിച്ചുയരുന്നു. താറാവ് മുട്ടയ്ക്ക് 16.50 രൂപ വരെയായി. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര് ഒന്നര രൂപവരെ കൂടുതല് വാങ്ങുകയാണ്. കോഴി മുട്ടയ്ക്ക് ഒമ്പതു രൂപയാണ് വില. ചില്ലറ വിലയ്ക്ക് വാങ്ങുമ്പോള് 50 പൈസ കൂടും.
കോഴിത്തീറ്റയുടെ വില കുതിച്ചുയര്ന്നതാണ് മുട്ടവില കൂടാന് പ്രധാന കാരണം. തമിഴ്നാട്ടിലെ ഫാമുകളില് ചൂടുമൂലം കോഴികള് ചത്തൊടുങ്ങിയതും പശ്ചിമേഷ്യന് യുദ്ധത്തെ തുടര്ന്ന് കയറ്റുമതി തടസപ്പെട്ടപ്പോള് കര്ഷകര് കോഴികളെ വിറ്റഴിച്ചതും വിപണിയില് മുട്ട ലഭ്യത കുറയാനിടയാക്കി.
തമിഴ്നാട്ടില് ഉള്പ്പെടെ സ്കൂള് ഉച്ചഭക്ഷണ പദ്ധതിക്കായി വലിയ തോതില് മുട്ട വേണ്ടിവന്നത് മുട്ട ലഭ്യത കുറയാനിടയാക്കിയിട്ടുണ്ട്.ഇതിനുപുറമെ സോയാബീന്, ചോളം എന്നിവയുടെ വില ഉയര്ന്നതോടെ കോഴിത്തീറ്റ വിലയും കുതിച്ചു.
എഥനോള് പാരയായി
പെട്രോളില് എഥനോള് കലര്ത്താനുള്ള ഇ-20 നയമാണ് മുട്ടവില കുതിക്കാന് ഇടയാക്കിയ പ്രധാന ഘടകം. എഥനോള് നിര്മാണത്തിനായി മക്കച്ചോളം കൂടുതല് ഉപയോഗിക്കാന് തുടങ്ങിയതോടെ വിപണിയില് ലഭ്യത കുറഞ്ഞു. അതിനൊപ്പം വിലയും ഉയര്ന്നു. ഇതിനുപുറമെ സോയാബീന് എന്നിവയുടെ വില ഉയര്ന്നു.
കോഴിത്തീറ്റയിലെ ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായ മക്കച്ചോളത്തിന്റെ വിലയും അനുബന്ധ ഉത്പന്നങ്ങളുടെ വിലയും ഉയര്ന്നതോടെ കോഴിത്തീറ്റയ്ക്കു കുത്തനേ വില കൂടി.
50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 2300 രൂപ വരെയായി. കോഴിവളര്ത്തല് ചെലവിന്റെ 70 ശതമാനം തീറ്റ ചെലവാണ്.