ടെൽ അവീവ്: തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതോടെ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലേക്ക്. അധികാരത്തിലെത്താൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തേടിയുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും അറബ് പാർട്ടികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുന്ന കാര്യത്തിലെ ഭിന്നത പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനെ ചില പ്രതിപക്ഷ കക്ഷികൾ എതിർക്കുമ്പോൾ, അവരുമായി സഹകരിക്കാനുള്ള സാധ്യത തേടുകയാണ് യാഷാർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ട്.
19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ഐസൻകോട്ട് നാല് ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾ അംഗീകരിക്കുന്ന ഏതു കക്ഷിയെയും സർക്കാരിന്റെ ഭാഗമാക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാർ രൂപീകരണത്തോട് പ്രതിപക്ഷത്തെ മറ്റു പ്രധാന കക്ഷികൾക്ക് യോജിപ്പില്ല.
ഇസ്രയേലിനെ യഹൂദ ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കുക, രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലെ മൂല്യങ്ങൾ അംഗീകരിക്കുക, ഇസ്രയേൽ പ്രതിരോധസേനയെ (ഐഡിഎഫ്) ശക്തിപ്പെടുത്തുന്നതിനായി എല്ലാവർക്കും നിർബന്ധിത സൈനിക സേവനം ബാധകമാക്കുക, ഹമാസിനെ ഭീകരസംഘടനയായി അംഗീകരിച്ച് അതിന്റെ സൈനിക-ഭരണശേഷി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധരാകുക എന്നിവയാണ് ഐസൻകോട്ടിന്റെ നാല് ഉപാധികൾ.
അറബ് പാർട്ടിയായ റാമിനുകൂടി സ്വീകാര്യമാകുന്ന തരത്തിലാണ് ഹമാസുമായി ബന്ധപ്പെട്ട നാലാമത്തെ ഉപാധി ഐസൻകോട്ട് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ റാമിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനോട് പ്രതിപക്ഷത്തെ ബി യാചാദ്, യിസ്രയേൽ ബെതേനു എന്നീ പാർട്ടികൾ കടുത്ത വിയോജിപ്പിലാണ്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ഇസ്രയേൽ അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐസൻകോട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക സേവനം ബാധകമാക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.
എന്നാൽ, തീവ്ര യാഥാസ്ഥിതിക യഹൂദവിഭാഗമായ ഹരേദി യുവാക്കളെ സൈന്യത്തിൽ ചേർക്കണമെന്ന ആവശ്യത്തോട് ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്ക് കടുത്ത എതിർപ്പാണുള്ളത്. സർക്കാർ രൂപീകരണ ചർച്ചകളിൽ ഇതും വലിയ തടസമാകുന്നുണ്ട്.
പ്രതിപക്ഷത്തെ നാല് പ്രധാന യഹൂദ പാർട്ടികളെ ഒരുമിപ്പിച്ച് ദേശീയ ഐക്യസർക്കാർ രൂപീകരിക്കാനാണ് ഐസൻകോട്ടിന്റെ ശ്രമം. യാഷാറിന് 21 സീറ്റും ബി യാചാദിന് 12 സീറ്റും ദ ഡെമോക്രാറ്റ്സിന് എട്ട് സീറ്റും യിസ്രയേൽ ബെതേനുവിന് ഏഴ് സീറ്റുമാണുള്ളത്. ഈ നാലു പാർട്ടികൾക്കുമായി ആകെ 48 സീറ്റുകളുണ്ട്. പുതിയ സർക്കാർ രൂപീകരിക്കാൻ 67 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഐസൻകോട്ടിന്റെ അവകാശവാദം.
120 അംഗ നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്. അറബ് പാർട്ടികളായ റാമിനും ജോയിന്റ് ലിസ്റ്റിനും കൂടി 19 സീറ്റുകളുണ്ട്. അതിനാൽ മറ്റു കക്ഷികളുടെ പിന്തുണയില്ലാതെ ആർക്കും സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
അധികാരത്തിലേക്കുള്ള വഴിയിൽ അറബ് പാർട്ടികളുടെ പിന്തുണ നിർണായകമാകുമ്പോൾ, അവരുമായി സഹകരിക്കണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കവും ശക്തമാകുകയാണ്. പാർട്ടി നേതാക്കളുമായി നാളെ നടത്തുന്ന ചർച്ചകൾക്കുശേഷം സർക്കാർ രൂപീകരിക്കാൻ ആരെയാണു ക്ഷണിക്കേണ്ടതെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിക്കും. ഈ തീരുമാനം ഇസ്രയേലിന്റെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ.