മാഡ്രിഡ്: വിയ്യാറയലിനെതിരേയുള്ള മത്സരത്തിനിടെ എതിർതാരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് പ്രകോപിതനായി സംസാരിച്ചതിനും റയൽ മാഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറിന് നാല് ലീഗ് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സോക്കർ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
എതിർതാരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് രണ്ട് മത്സരങ്ങളിൽ വിലക്കും റഫറിയോട് നടത്തിയ പ്രതിഷേധത്തിന് രണ്ട് മത്സരങ്ങളിലെ വിലക്കുമാണ് ശിക്ഷ. വിലക്കിനെ തുടർന്ന് താരത്തിന് ബാഴ്സലോണയ്ക്കെതിരായ നിർണായകമായ ’എൽ ക്ലാസിക്കോ’ മത്സരം നഷ്ടമാകും. കൂടാതെ റേസിംഗ് സന്റാണ്ടർ, വലൻസിയ എന്നിവർക്കെതിരായ എവേ മത്സരങ്ങളിലും താരത്തിന് കളിക്കാനാകില്ല.
വിയ്യാറയലിനെതിരേ 1-0 ന് റയൽ വിജയിച്ച മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് സംഭവം. പന്തുമായി മുന്നേറുന്നതിനിടെ വിയ്യാറയൽ താരം നഥാൻ സാലിബയുടെ മുടിയിൽ ശക്തമായി പിടിച്ചുവലിച്ചതിനാണ് വിനിസ്യൂസിന് റെഡ് കാർഡ് ലഭിച്ചത്.
റെഡ് കാർഡ് കണ്ടതിന് ശേഷം റഫറി ഇസിഡ്രോ ഡയസ് ഡി മേറയോട് വിനിസ്യൂസ് രോഷാകുലനായി സംസാരിച്ചു. സഹതാരങ്ങൾ തടഞ്ഞുനിർത്താൻ ശ്രമിക്കവെയാണ് വിനിസ്യൂസ് റഫറിയോട് ഉച്ചത്തിൽ സംസാരിച്ചതെന്ന് മത്സര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിമർശനവുമായി മൗറീഞ്ഞോ
ബുധനാഴ്ച റോമയ്ക്കെതിരായ റയൽ മാഡ്രിഡിന്റെ ചാന്പ്യൻസ് ലീഗ് പോരാട്ടത്തിന് തൊട്ടുമുന്പാണ് വിലക്ക് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിച്ച സമയത്തെ കടുപ്പത്തിൽ വിമർശിച്ച മൗറീഞ്ഞോ യാതൊരു നാണവുമില്ലാതെയാണ് അധികൃതർ കാര്യങ്ങൾ ചെയ്യുന്നതെന്നും ആരോപിച്ചു.